സ്റ്റാർട്ട്, ആക്ഷൻ, മമ്മൂക്കാ...
Tuesday, September 30, 2025 2:01 AM IST
കൊച്ചി: മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം നടന് മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നു. ചികിത്സയ്ക്കുശേഷം തിരിച്ചെത്തിയ താരം നാളെ മുതല്‍ ലൊക്കേഷനിലെത്തും. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന, മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്.
ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളില്‍ മമ്മൂട്ടിയെത്തുന്ന കാര്യം അടുത്ത സുഹൃത്തും പ്രൊഡ്യൂസറുമായ ആന്റോ ജോസഫാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
“പ്രിയപ്പെട്ട മമ്മൂക്ക വരുന്നു... മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ ഒക്ടോബര്‍ ഒന്നു മുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ.
അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ഥനകളുടെയും മനഃസാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു. മമ്മൂക്ക ഹൈദരാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രാര്‍ഥനകളില്‍ കൂട്ടു വന്നവര്‍ക്കും ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.” -ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് മമ്മൂട്ടി ആറു മാസത്തിലേറെയായി സിനിമയില്‍നിന്ന് അവധിയെടുത്ത് ചികിത്സയിലായിരുന്നു. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 19ന് ചികിത്സയ്ക്ക് ഫലം കണ്ടുവെന്ന സന്തോഷവാര്‍ത്തയും ആന്റോ ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ കരിയറില്‍ ഇത്രയും നീണ്ട ഒരിടവേള അദ്ദേഹം ഇതുവരെ എടുക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ആരാധകരും സിനിമാലോകവും കാത്തിരിക്കുകയായിരുന്നു.
ഹൈദരാബാദ്, ലണ്ടന്‍, കൊച്ചി എന്നിവിടങ്ങളിലാണ് ഇനി ചിത്രീകരണം നടക്കാനുള്ളത്. 17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.