വന്യമൃഗശല്യം: നിയമ ഭേദഗതിക്ക് ഡൽഹിയിൽ സമരമുഖം തുറക്കുമെന്ന് സംയുക്ത കിസാൻ മോർച്ച
Tuesday, September 30, 2025 2:00 AM IST
കണ്ണൂർ: രാജ്യത്തെ എല്ലാ നിയമങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്തെങ്കിലും 1972-ലെ വന്യജീവി സംരക്ഷണ നിയമം 53 വർഷമായിട്ടും ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകാത്തത് ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്നതിന് തുല്യമാണെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ.
വന്യജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃതമായ ഭേദഗതി ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച ഡൽഹിയിൽ സമരമുഖം തുറക്കുമെന്നും ഡൽഹി കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച നേതാക്കളായ ലഖ്വിന്ദർ സിംഗ് ഔലാഖ്, സുഖ്ജീത് സിംഗ് ഹർഡോജൻ, അംഗ്രേസിംഗ് ബൂട്ടേവാല എന്നിവർ പറഞ്ഞു.
വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷക സ്വരാജ് സത്യഗ്രഹത്തിന് പിന്തുണ നൽകുന്നതിനായി എത്തിയ നേതാക്കൾ കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെയും കുടുംബാംഗങ്ങളെയും ഗുരുതരമായി പരിക്കേറ്റവരെയും വന്യമൃഗ ആക്രമണത്തിൽ വ്യാപകമായി നശിച്ച കൃഷിയിടങ്ങളും സന്ദർശിച്ചു.