ഐഎസ് റിക്രൂട്ട്മെന്റ് കേസ് പ്രതികള്‍ക്ക് എട്ടു വര്‍ഷം കഠിനതടവ്
Tuesday, September 30, 2025 2:01 AM IST
കൊച്ചി: ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതികളായ കോയമ്പത്തൂര്‍ സ്വദേശികള്‍ക്ക് എട്ട് വര്‍ഷം കഠിനതടവ്. മുഹമ്മദ് അസ്ഹറുദീന്, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ശിക്ഷിച്ചത്.
പ്രതികള്‍ക്കെതിരേ ചുമത്തിയ മൂന്ന് വകുപ്പുകളിലായാണ് എട്ട് വര്‍ഷം വീതം ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ജയിലില്‍ കിടന്ന കാലയളവ് ശിക്ഷയില്‍ ഇളവ് ചെയ്യും. പ്രതികള്‍ക്കെതിരേ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞു.
കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലേക്ക് എത്തിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും രഹസ്യയോഗങ്ങൾ സംഘടിപ്പിച്ചതായും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
യുഎപിഎയിലെ 38, 39 വകുപ്പുകളായ ഭീകരവാദ സംഘടനയില്‍ അംഗമാകല്‍, ഭീകരവാദ ആശയപ്രചാരണം എന്നീ കുറ്റങ്ങളും, ഐപിസി 120ബി ഗൂഢാലോചനക്കുറ്റവും പ്രതികള്‍ക്കെതിരേ തെളിഞ്ഞിരുന്നു. 40 സാക്ഷികളെ കേസില്‍ വിസ്തരിച്ചു.