നെല്ലെടുത്താലുടൻ കർഷകർക്ക് പണം അടുത്ത വർഷം മുതലെന്ന്
Tuesday, September 30, 2025 2:00 AM IST
തിരുവനന്തപുരം: അടുത്ത വർഷം മുതൽ നെല്ല് സംഭരിച്ചാലുടൻ കർഷകർക്ക് പണം നൽകുമെന്നു മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു.
കേരളാ ബാങ്കുമായി ചേർന്ന് പദ്ധതി തയാറാക്കിയിട്ടുണ്ട്. 2.07 ലക്ഷം കർഷകരിൽ നിന്ന് 5.8 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതിന് നൽകാനുണ്ടായിരുന്ന 1645 കോടിയിൽ 1574.57 കോടിയും അനുവദിച്ചു. 1.96 ലക്ഷം കർഷകർക്കും പണം കിട്ടിയിട്ടുണ്ട്. 70.5 കോടി മാത്രമാണ് കുടിശിക.
പ്രോത്സാഹന ബോണസ് ഇനത്തിൽ വകയിരുത്തിയ തുകയാണ് ഉപയോഗിച്ചത്. കേന്ദ്രത്തിൽനിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ല. 2024 വരെയുള്ള 1206 കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്.
യഥാസമയം കണക്ക് നൽകിയില്ലെന്ന വാദം തെറ്റാണെന്നും കണക്കുകൾ നൽകിയാലും കേന്ദ്രം പണം നൽകാൻ 12 മാസം വരെ വൈകുമെന്നും സി.സി. മുകുന്ദന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.