പുരപ്പുറ സൗരോര്‍ജം: ബാങ്കിംഗ് സംവിധാനം സാമ്പത്തിക ബാധ്യതയെന്ന് കെഎസ്ഇബി
Tuesday, September 30, 2025 2:00 AM IST
ജോണ്സണ് വേങ്ങത്തടം
കൊല്ലം: വൈദ്യുതി കമ്പോളത്തില്‍ വിലകൂടി നില്ക്കുന്ന പീക് സമയത്ത്, പുരപ്പുറ സൗരോര്‍ജ ഉപഭോക്താക്കള്‍ പകല്‍സമയത്ത് ബാങ്ക് ചെയ്ത വൈദ്യുതിയുടെ സിംഹഭാഗവും എടുക്കുന്നതിനാല്‍ ഇത്തരം ബാങ്കിംഗ് സംവിധാനം സാമ്പത്തിക ബാധ്യതയാണെന്നു വൈദ്യുതിബോര്‍ഡ് റെഗുലേറ്ററി കമ്മീഷനെയും സര്‍ക്കാരിനെയും അറിയിച്ചു.
2020-24ലെ കണക്ക് പ്രകാരം ഇത്തരത്തിലുള്ള ബാങ്കിംഗ് പ്രകാരവും ഗ്രിഡില്‍ ഉണ്ടായിട്ടുള്ള വ്യതിയാനങ്ങളുടെ ഭാഗമായും ഏകദേശം 500 കോടിയുടെ സാമ്പത്തികബാധ്യത ഉണ്ടായതായി വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കുന്നു.
കേരളത്തില്‍ പുരപ്പുറ സോളാര്‍ പദ്ധതിയുടെ ബില്ലിംഗ് നിലവില്‍ നൈറ്റ് മീറ്ററിംഗ് സംവിധാനം വഴിയാണ് നടക്കുന്നത്. നൈറ്റ് മീറ്ററിംഗ് സംവിധാനപ്രകാരം വൈദ്യുതിയുടെ ആവശ്യകത താരതമേന്യ കുറഞ്ഞ പകല്‍സമയത്ത് പുരപ്പുറ സോളാര്‍ ഉപഭോക്താക്കള്‍ ഉത്പാദിപ്പിക്കുന്ന ഏതാണ്ട് 70ശതമാനത്തോളം വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുകയാണ്.
പുരപ്പുറ സോളാര്‍ വ്യാപനത്തില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്താണ്. എന്നാല്‍ കേരളത്തിനു മുന്നിലും പുന്നിലുമുള്ള സംസ്ഥാനങ്ങളില്‍ പകല്‍സമയത്താണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യകതയുള്ളത്. എന്നാല്‍, കേരളത്തില്‍ പീക് സമയമായി കണക്കുകൂട്ടുന്നതു വൈകുന്നേരം ആറുമുതല്‍ രാത്രി പത്തുവരെയാണ്.
അതേസമയം, പുരപ്പുറ സൗരോര്‍ജ പദ്ധതി മൂലം നഷ്ടമെന്നു റിപ്പോര്‍ട്ട് നല്കുമ്പോഴും സാമ്പത്തികവര്‍ഷത്തില്‍ കെഎസ്ഇബി 571.22 കോടിയുടെ ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുരപ്പുറ സൗരോര്‍ജ പദ്ധതി നഷ്ടമാണെന്നു രേഖപ്പെടുത്തുമ്പോഴും കെഎസ്ഇബിക്ക് ഒരു രൂപ പോലും നഷ്ടം സംഭവിക്കുന്നില്ലെന്നാണ് റെഗുലേറ്ററി കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥന് വെളിപ്പെടുത്തുന്നത്.
ഈ തുകകൂടി കൂട്ടി, താരിഫ് പരിഷ്കരണം നടത്തി ബോര്‍ഡ് ഈടാക്കുന്നുണ്ട്. 2021 മുതല്‍ നാലുതവണ വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. 2022-23ല്‍ 6.59 ശതമാനം, 2023024ല്‍ 3.2 ശതമാനം , 2024-25ല്‍ 2.39 ശതമാനം, 2025-26ല്‍ 1.75 ശതമാനും താരിഫ് പരിഷ്കരണം നടത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് വൈകുന്നേരങ്ങളിലെ പീക് സമയത്തെ പരമാവധി വൈദ്യുതി ആവശ്യകത 6000 മെഗാവാട്ടാണ്. ആഭ്യന്തര വൈദ്യുതിനിലയങ്ങളില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യത ഏകദേശം 1800 മെഗാവാട്ടാണ്. പീക് സമയങ്ങളില്‍ കേരളത്തില്‍ ഇനിയും 4200 മെഗാവാട്ട് വൈദ്യുതി കൂടുതലായി വേണമെന്നാണ് ബോര്‍ഡ് ചൂണ്ടികാട്ടുന്നത്. എന്നാല്‍, ഇതില്‍ പുരപ്പുറ സൗരോര്‍ജ ഉത്പാദനം ചേര്‍ത്തിട്ടില്ല.