വന്ദേഭാരത് എക്സ്പ്രസിന്റെ പുതിയ പതിപ്പ് നവംബറിൽ
Tuesday, September 30, 2025 2:01 AM IST
എസ്.ആർ. സുധീർ കുമാർ
പരവൂർ (കൊല്ലം) : വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ 12 കോച്ചുകളുള്ള പുതിയ പതിപ്പിന്റെ നിർമാണം അന്തിമഘട്ടത്തിൽ. ഒട്ടേറെ സവിശേഷതകൾ ഉള്ള ട്രെയിൻ നവംബറിൽ പുറത്തിറക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്.
പരമ്പരാഗതമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ എട്ട്, 16, 20 കോച്ച് ഫോർമാറ്റുകളിലാണ് നിർമിച്ചിട്ടുള്ളത്. ഇവയാണ് ഇപ്പോൾ രാജ്യത്തുടനീളം സർവീസ് നടത്തുന്നത്. എന്നാൽ 12 കോച്ചുകൾ ഉള്ള വന്ദേഭാരത് റേക്കുകൾ ഇതുവരെ റെയിൽവേ അവതരിപ്പിക്കുകയുണ്ടായില്ല.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തർപ്രദേശ് റായ് ബെറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ (എംസിഎഫ്) 12 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനിന്റെ ഏതാനും യൂണിറ്റുകൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. നിലവിലുള്ള വന്ദേ ഭാരത് കോച്ചുകളേക്കാൾ ഒട്ടേറെ സവിശേഷതകൾ 12 കോച്ചുള്ള ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിംഗ് കസേരകൾ, യാത്രക്കാർക്ക് കോച്ചുകൾക്കുള്ളിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ സീൽ ചെയ്ത ഗാംഗ് വേകൾ, ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ, എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിംഗ് പോയിന്റുകൾ എന്നിവയൊക്കെ പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡീപ് ഫ്രീസറുകൾ, വാട്ടർ ബോയിലറുകൾ തുടങ്ങിയ സവിശേഷതകൾ ഉള്ള മിനി പാൻട്രികളും പുതിയ പതിപ്പിന്റെ സവിശേഷതകളാണ്. ഇതു കൂടാതെ അംഗപരിമിതരായ യാത്രക്കാർക്കായി പ്രത്യേക ശൗചാലയങ്ങളും ക്രമീകരിച്ചിട്ടുണ്ട്. തദ്ദേശീയമായി നിർമിച്ച കൂട്ടിയിടി ഒഴിവാക്കൽ സംവിധാനമായ കവച്, അത്യാധുനിക സിസിടിവി കാമറകൾ, അടിയന്തര പുഷ് ബട്ടണുകൾ, എയറോസോൾ അധിഷ്ഠിത അഗ്നിശമന സംവിധാനങ്ങൾ, എമർജൻസി ലൈറ്റുകൾ, ക്രാഷ് ഹാന്റഡ് മെമ്മറി ഉപകരണങ്ങൾ, പ്ലാറ്റ്ഫോം സൈഡ് കാമറകൾ തുടങ്ങിയവയും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പുതിയ കോച്ചുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. റിമോട്ട് ആക്സസ് ഉള്ള കോച്ച് കണ്ടീഷൻ മോണിറ്ററിംഗ് സംവിധാനവും 12 കോച്ച് റേക്കുകളിൽ ഉണ്ടാകും.
മാത്രമല്ല സെമി-ഹൈസ്പീഡ് ട്രെയിൻ സർവീസുകളുടെ ആവശ്യം വർധിച്ചു വരുന്നതിനാൽ ഒന്നിലധികം ഫാക്ടറികളിലായി വന്ദേഭാരത് ട്രെയിനുകളുടെ ഉത്പാദനം ത്വരിതപ്പെടുത്താനും റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.