ശബരിമല സ്വര്‍ണപ്പാളി; രേഖകളുടെ പരിശോധനയ്ക്കായി റിട്ട. ജഡ്ജിയെ നിയോഗിച്ചു
Tuesday, September 30, 2025 2:01 AM IST
കൊച്ചി: ശബരിമലയിലെ തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കെ.ടി.ശങ്കരനെ നിയമിച്ചു.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും ഹൈക്കോടതിക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ശബരിമലയിലെ ആഭരണങ്ങളടക്കം വിലപ്പെട്ട വസ്തുക്കളുടെ കണക്കെടുപ്പ് നടത്താനും പട്ടിക തയാറാക്കാനും ഉത്തരവിൽ പറയുന്നുണ്ട്.
ശ്രീകോവിലിനു മുന്നിലെ സ്വർണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങളും പീഠങ്ങളും മുൻകൂർ അനുമതിയില്ലാതെ ഇളക്കിമാറ്റി അറ്റകുറ്റപണിക്കായി ചെന്നൈക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്.
ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു . ദ്വാരപാലക ശില്പപാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ദേവസ്വം മാന്വല്‍ ലംഘിച്ചാണ്. എല്ലാ അറ്റകുറ്റപ്പണിയും ശബരിമലയില്‍തന്നെ നടത്തണമെന്ന നിര്‍ദേശം ലംഘിച്ചു.
ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും തിരിച്ചെത്തിക്കുമ്പോള്‍ ശരിയായ ഭാരം രേഖപ്പെടുത്തിയില്ല. മനപൂര്‍വമാണെങ്കിലും അല്ലെങ്കിലും ഭരണതലത്തില്‍ വീഴ്ചയുണ്ടായി. ഇത് അംഗീകരിക്കാനാകാത്ത വീഴ്ചയാണെന്നും ഉത്തരവില്‍ പറയുന്നു. സ്പോണ്സര് 2019ല്‍ ശില്പങ്ങള് അറ്റകുറ്റപ്പണിക്കെത്തിക്കാന് 40 ദിവസം വൈകി. ഇക്കാര്യത്തില്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷണം നടത്തണം.
ദ്വാര പാലക പീഠം കാണാതായത് സംബന്ധിച്ച് നിലവില്‍ നടക്കുന്ന ശബരിമല ചീഫ് വിജിലന്‍സ് ഓഫീസറുടെ അന്വേഷണം തുടരാനും കോടതി നിര്‍ദേശം നല്കി. പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങള്‍ അറിയിച്ചതോടെ വര്‍ഷങ്ങളായി തുടരുന്ന ചില അസ്വാഭാവികതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം തുടരാന്‍ ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. ഉദ്യോഗസ്ഥ വീഴ്ചയും ഇതില്‍ പങ്കാളിയായവരെയും സംബന്ധിച്ച് അന്വേഷണം തുടരാന്‍ ശബരിമല ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്കി.
കാണാതായ പീഠങ്ങള്‍ സ്പോണ്‍സറായ ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരി മിനിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതായി കോടതിയില്‍ ഹാജരായ ചീഫ് വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു. ദ്വാരപാലക പീഠം സ്പോണ്‍സറുടെ കൈവശമാണെന്നത് ഞെട്ടിക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.
1999ല്‍ ശ്രീകോവില്‍ മേല്‍ക്കൂരയടക്കം മോടിയാക്കുന്നതിന് എത്ര സ്വര്‍ണം ഉപയോഗിച്ചുവെന്നതും രേഖകളിലില്ലെന്ന് വിജിലന്‍സ് അറിയിച്ചു. ചില കാര്യങ്ങള്‍ രജിസ്റ്ററില്‍ പോലുമില്ലാത്തത് സിസ്റ്റത്തിന്റെ പരാജയവും ഗുരുതര വീഴ്ചയുമാണെന്ന് കോടതി വിമര്‍ശിച്ചു.