എയ്ഡഡ് സ്കൂൾ നിയമനം: ക്രിസ്ത്യൻ മാനേജ്മെന്റുകളോടുള്ള സർക്കാരിന്റെ വിവേചനത്തിനെതിരെ വിവിവധ മേലധ്യക്ഷന്മാർ പ്രതിഷേധിച്ചു
Tuesday, September 30, 2025 2:01 AM IST
ക്രൈസ്തവ എയ്ഡഡ് മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണം

മാർ റാഫേൽ തട്ടിൽ
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്
സംസ്ഥാനത്ത് സ്കൂൾ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടു ക്രൈസ്തവ എയ്ഡഡ് മേഖലയോടുള്ള സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കണം. കത്തോലിക്കാ മാനേജ്മെന്റിനു കീഴിൽ എയ്ഡഡ് സ്കൂളുകളിൽ നിയമനം നേടിയിട്ടുള്ള പതിനാറായിരത്തിലധികം അധ്യാപകരുടെ നിയമനങ്ങളിൽ അനുകൂല തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്കായി നിയമാനുസൃതമായി ഒഴിവുകൾ എയ്ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടുണ്ടെങ്കിൽ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്നു എൻഎസ്എസ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂൾ നിയമനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന് അനുകൂലമായ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. എൻഎസ്എസ് കേസിൽ സുപ്രീംകോടതി നടത്തിയ വിധിന്യായത്തിൽതന്നെ സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാം എന്ന കാര്യം വ്യക്തമാക്കിയിരുന്നു.
ഈ വിഷയത്തിൽ കെസിബിസി വിദ്യാഭ്യാസ കമ്മീഷനുവേണ്ടി കൺസോർഷ്യം ഓഫ് കാത്തലിക് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. എൻഎസ്എസിന് അനുകൂലമായ വിധിയുടെയും അതിനനുസൃതമായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെയും വെളിച്ചത്തിൽ കാത്തലിക് മാനേജ്മെന്റുകളുടെ അപേക്ഷ പരിഗണിക്കണമെന്നായിരുന്നു കോടതിവിധി.
എന്നാൽ, സുപ്രീംകോടതി ഉത്തരവ് എൻഎസ്എസിന് മാത്രം ബാധകമാണെന്നും മറ്റു മാനേജ്മെന്റുകളിൽ ഇത് നടപ്പിലാക്കണമെങ്കിൽ പ്രത്യേക കോടതി ഉത്തരവ് സമ്പാദിക്കണമെന്നുമാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
എൻഎസ്എസിനു ലഭിച്ച അനുകൂല വിധി മറ്റു സമുദായങ്ങളിൽപെട്ടവർക്കും സമാനസാചര്യങ്ങളിൽ ബാധകമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതിനാൽ കാത്തലിക് മാനേജ്മെന്റുകളുടെ കേസിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവുമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.
സർക്കാരിന്റെ ഈ നിലപാട് മൂലം നിയമനം നേടിയിട്ടുള്ള ആയിരക്കണക്കിന് ജീവനക്കാർക്കു സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാക്കുക മാത്രമല്ല, വ്യക്തി, കുടുംബ, സാമുദായിക അസ്വസ്ഥതകൾക്ക് കൂടി കാരണമാകുന്നുണ്ട്.
അധ്യാപകരും കുടുംബങ്ങളും ആത്മഹത്യയിലേക്കുപോലും തള്ളിവിടപ്പെട്ട സാഹചര്യമുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ സത്വരമായ ഇടപെടൽ ഉണ്ടാകണം.
ദുരിതത്തിലായ അധ്യാപകർക്ക് നീതി ഉറപ്പാക്കുകയും ചെയ്യണം. ക്രൈസ്തവ എയ്ഡഡ് മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് താൻ മുഖ്യമന്ത്രി പിണറായി വിജയനു നേരത്തെ കത്തു നൽകിയിരുന്നു.
പിടിവാശിയും നിര്‍ബന്ധബുദ്ധിയും സർക്കാർ ഉപേക്ഷിക്കണം

കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ
കേരള കത്തോലിക്ക മെത്രാൻ സമിതി പ്രസിഡന്റ്
സംവരണേതര വിഭാഗത്തിലെ നിയമനവിഷയത്തില്‍ നിയമനത്തിനായി കാത്തിരിക്കുന്ന നൂറുകണക്കിന് അധ്യാപകര്‍ക്കു നീതി നിഷേധിക്കപ്പെടുകയാണ്. 2020 മുതല്‍ അഞ്ചുവര്‍ഷമായി ഒരു ശമ്പളവും വാങ്ങാതെ സേവനമനുഷ്ഠിക്കുന്ന നൂറുകണക്കിന് അധ്യാപകര്‍ കേരളത്തിലുണ്ട്.
ഇതേ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമിതരാകുമ്പോള്‍, പിറ്റേമാസം പൂര്‍ണമായ വേതനം സര്‍ക്കാരിന്റെ പക്കല്‍നിന്ന് സ്വീകരിക്കുമ്പോള്‍ ദിവസത്തൊഴിലാളികളായി എയ്ഡഡ് മേഖലയിലെ അധ്യാപകരെ പരിഗണിക്കുന്നത് എന്തടിസ്ഥാനത്തിലും മാനദണ്ഡത്തിലുമാണ്? ആയതിനാല്‍ സര്‍ക്കാര്‍ പിടിവാശിയും നിര്‍ബന്ധബുദ്ധിയും ഉപേക്ഷിക്കണം. നീതിപൂര്‍വമായി ഈ വിഷയത്തില്‍ ഇടപെടണം. ഏതു വിഭാഗത്തിൽപ്പെടുന്നവരായാലും അധ്യാപകർ ഒരു ഗണത്തില്ത്തന്നെയുള്ളവരാണ്. അവര്‍ക്ക് നീതിപൂര്‍വമായ സമീപനം ആവശ്യമുണ്ട്. അധ്യാപകരെ മാനിക്കുന്ന, അവര്‍ ചെയ്യുന്ന ശുശ്രൂഷയെയും സേവനത്തെയും മാനിച്ചെങ്കിലും അവര്‍ക്ക് നീതി കൊടുക്കുന്ന, സംവിധാനം കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നു.
നൂറുകണക്കിന് അധ്യാപകരും അതിലേറെ വിദ്യാര്‍ഥികളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കുവാന്‍ സര്‍ക്കാര്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സംവരണതസ്തികയിൽ നിയമിക്കപ്പെടാൻ യോഗ്യതയുള്ളവർ ലഭ്യമല്ലാതിരിക്കുന്നത് മാനേജ്മെന്റുകളുടെ കുറവായി പരിഗണിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? പ്രസ്തുത നിയമനങ്ങള്‍ പൂര്‍ണമായി ഏറ്റെടുത്തുകൊണ്ട്, ആ പോസ്റ്റുകള്‍ മാറ്റിവച്ച് ബാക്കിയുള്ള പോസ്റ്റുകളിലേക്ക് അധ്യാപകരെ നിയമിക്കാനുള്ള അനുമതി എത്രയും വേഗം ലഭ്യമാക്കണമെന്ന് കേരള കത്തോലിക്ക മെത്രാന് സമിതിയുടെ പേരില്‍, മാനേജ്മെന്റുകളുടെ പേരില്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. ഇതില്‍ സമയബന്ധിതമായ നീതിയും സമീപനവും ലഭിക്കും എന്നു പ്രത്യാശിക്കുന്നു. ഈ ധാര്‍മിക പ്രതിസന്ധിയില്‍ അധ്യാപകരോടൊപ്പം ഞങ്ങള്‍ ചേര്ന്നുനില്ക്കുന്നു.
വിദ്യാഭ്യാസമന്ത്രി തെറ്റിദ്ധാരണ പരത്തുന്നത് വേദനാജനകം

മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി ആര്‍ച്ച്ബിഷപ്
ഭിന്നശേഷി നിയമനകാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നടത്തിയ പ്രസ്താവന ക്രിസ്ത്യന്‍ മാനേജ്മെന്റുകളെ വേദനിപ്പിക്കുന്നതും തെറ്റിദ്ധാരണാജനകവും ദുരുദ്ദേശ്യപരവുമാണ്.
ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവുപ്രകാരം ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ സന്നദ്ധത അറിയിച്ചുകൊണ്ട് സത്യവാങ്മൂലം നല്കി ഒഴിവുകള്‍ നീക്കിവച്ചിട്ടുള്ളകാര്യം സര്‍ക്കാരിനെയും വിദ്യാഭ്യാസമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ കുറച്ചു നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന് മാനേജ്മെന്റുകള്‍ വഴിയൊരുക്കിയിട്ടുണ്ട്.
നിയമനം നടത്തേണ്ടത് സര്‍ക്കാരാണ്. നാലുശതമാനംവരുന്ന ഈ തസ്തികകളില്‍ ഭിന്നശേഷി നിയമനം നടത്താന്‍ സര്‍ക്കാരിനു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കിട്ടുന്നില്ലെന്നാണ് മനസിലാക്കുന്നത്.
സുപ്രീംകോടതിയുടെ പഴയ ഉത്തരവിന്റെ പേരില്‍ ഭിന്നശേഷി പൂര്‍ത്തിയാക്കാതെ മറ്റ് നിയമനങ്ങള്‍ അംഗീകരിക്കാന്‍ പാടില്ലെന്നകാര്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് ഖേദകരമാണ്. ക്രൈസ്തവ മാനേജ്മെന്റുകള്‍ സംസ്ഥാന സര്‍ക്കാരുമായി നിരന്തരമായി ബന്ധപ്പെട്ട് സംഭാഷണം നടത്തി. ഫലപ്രദമാകുമെന്നാണ് കരുതിയത്.
എന്‍എസ്എസ് മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചതുപ്രകാരം ഭിന്നശേഷി തസ്തികകള്‍ ഒഴിച്ചിട്ട് മറ്റ് നിയമനങ്ങള്‍ നടത്താമെന്ന അനുകൂലമായ ഉത്തരവ് സമ്പാദിച്ചു. സമാനസ്വഭാവമുള്ള മറ്റ് കേസുകളിലും ഇതേവിധി നടപ്പിലാക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതുപ്രകാരം ക്രൈസ്തവ മാനേജുമെന്റുകള്‍ ഹൈക്കോടിയെ സമീപിച്ചു.
സുപ്രീംകോടതിവിധി നടപ്പാക്കാമെന്നാണ് ഹൈക്കോടതിയില്‍നിന്നു നിര്‍ദേശമുണ്ടായത്. ഇതുപ്രകാരം നിയമനം അംഗീകരിക്കുമെന്ന് ക്രൈസ്തവ മാനേജ്മെന്റുകള്‍ കരുതി. ഇതിനായി സര്‍ക്കാരിനു നല്കിയ നാലുമാസം പൂര്‍ത്തിയാകുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സുപ്രീംകോടതി വിധി എന്‍എസ്എസിനു മാത്രം ബാധകമാണെന്ന് സര്‍ക്കാര്‍ പറയുകയാണ് ചെയ്തത്.
ഇതിന്റെ പേരില്‍ ചങ്ങനാശേരി അതിരൂപതയിലെ നാനൂറോളം അധ്യാപകര്‍ക്കുള്‍പ്പെടെ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളുകളിലെ 17,000ത്തോളം അധ്യാപകര്‍ക്കും നിയമനം പാസാകാത്തതുമൂലം ശമ്പളം ലഭിക്കുന്നില്ല. ദിവസവേതനത്തിനാണ് പലരും ജോലി ചെയ്യുന്നത്. ഇത് ദുരിതപൂര്‍ണമാണ്.
വാസ്തവം ഇതായിരിക്കെ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ ഭിന്നശേഷി നിയമനങ്ങളെ എതിര്‍ക്കുന്നുവെന്ന തരത്തില്‍ പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുംവിധം മന്ത്രി നടത്തുന്ന പ്രസ്താവന വേദനാജനകമാണ്. പല പ്രാവശ്യം ഇക്കാര്യം സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചിട്ടുള്ളതാണ്.
ഇന്നലെ നിയമസഭയിലും മന്ത്രി പുതുതായെന്നും പറയുന്നില്ല. നിയമനം സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചെങ്കിലും ഭിന്നശേഷി വിഷയം മൂലം തടസപ്പെട്ടുകിടക്കുന്ന അധ്യാപകരുടെ കണക്കും വേദനകളും മന്ത്രി പറയുന്നില്ല. ഭിന്നശേഷി നിയമനത്തിന് ക്രൈസ്തവ മാനേജ്മെന്റുകള്‍ എതിരാണെന്ന ധ്വനിയാണ് വിദ്യാഭ്യാസ മന്ത്രിയുടെ സംസാരത്തില്‍നിന്ന് അനുദിനം വ്യക്തമാകുന്നത്.
പ്രതിഫലേച്ഛ കൂടാതെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി എന്നും പ്രവര്‍ത്തിച്ചിട്ടുള്ള ക്രൈസ്തവസമൂഹത്തെ വേദനിപ്പിക്കുന്ന നിലപാടാണ് മന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഒരു മാനേജുമെന്റും ഭിന്നശേഷി നിയമനത്തിന് എതിരുനിന്നിട്ടില്ല. സര്‍ക്കാരിന് നിയമനം നടത്തത്തക്കവിധം ഭിന്നശേഷിക്കാര്‍ക്കുള്ള സീറ്റുകള്‍ ഒഴിച്ചിട്ടിട്ടുണ്ട്. അതിന്റെ പേരില്‍ ആയിരക്കണക്കിന് അധ്യാപകരുടെ നിയമനം അംഗീകരിക്കാതിരിക്കുന്നത് തികച്ചും ഖേദകരമാണ്.
എന്‍എസ്എസ് നേടിയെടുത്ത സുപ്രീംകോടതി വിധി സമാനസ്വഭാവമുള്ള ഏജന്‍സികള്‍ക്കും ബാധകമാണെന്നിരിക്കെ അതു നടപ്പിലാക്കാതെ ഒളിച്ചുകളി നടത്തുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ഓരോ വ്യക്തിയും കോടതിയെ സമീപിക്കണമെന്നാണ് നിലപാടെങ്കില്‍ ഇവിടുത്ത ജനാധിപത്യ സര്‍ക്കാരിന്റെ ചുമതലയെന്തെന്നു വ്യക്തമാക്കാന്‍ വിദ്യാഭ്യാസ മന്ത്രി തയാറാകണം.
എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്നത് ജാതിമതഭേദമെന്യേ ഇവിടത്തെ പൗരന്മാരാണ്. പൗരന്മാര്ക്ക് രണ്ട് നീതി നടപ്പാക്കുക എന്നത് ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ല. ഭിന്നശേഷി വിഷയത്തില്‍ വസ്തുതകള്‍ മനസിലാക്കി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാതെ സര്‍ക്കാര്‍ ക്രൈസ്തവ മാനേജ്മെന്റുകളോട് അനുഭാവപൂര്‍വവും നീതിപൂര്‍വവുമായും പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്.
സർക്കാരിന്റേത് അവകാശനിഷേധം

മാർ മാത്യു മൂലക്കാട്ട്
കോട്ടയം ആർച്ച്ബിഷപ്
അർഹരായ ഭിന്നശേഷിക്കാർക്ക് സർക്കാർ നിർദേശിക്കുന്ന ഒഴിവുകളിൽ അധ്യാപക നിയമനം നല്കുന്നതിൽ ക്രൈസ്തവ സഭാ വിഭാഗങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. എന്നാൽ യോഗ്യതയുള്ള ഭിന്നശേഷിക്കാർ ഇല്ലാത്തതിന്റെ പേരിൽ വേണ്ടത്ര യോഗ്യതയോടെ അധ്യാപകരായ മറ്റുള്ളവരുടെ നിയമനവും ശമ്പളവും തടയുന്നത് അനീതിയാണ്. ക്രൈസ്തവസഭാ മാനേജ്മെന്റ് സ്കൂളുകളിലെ ഏറെ അധ്യാപകരും സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങളേക്കാൾ ഉപരിയോഗ്യതയുള്ളവരാണ്.
അധ്യാപനം ഒരു തൊഴിൽ മാത്രമല്ല രാഷ്ട്രനിർമിതിക്കായുള്ള ഉത്തരവാദിത്വവും സേവനവുമാണ്. യോഗ്യരായ ഭിന്നശേഷിക്കാർ ഇല്ലാത്തതിന്റെ പേരിൽ അർഹരായ അധ്യാപകർക്ക് നിയമനം നിഷേധിക്കുന്നതിലൂടെ അങ്ങേയറ്റം ആശങ്കാജനകമായ പ്രതിസന്ധിയിലൂടെയാണ് വിദ്യാഭ്യാസ മേഖല കടന്നുപോകുന്നത്. ഗവൺമെന്റ് ശക്തമായി ഇടപെട്ട് ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കേണ്ടതാണ്.
നിയമനത്തില്‍ അനീതിയും ഇരട്ടത്താപ്പും

മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി ബിഷപ്
സര്‍ക്കാരിന്റെ നീതിനിഷേധത്തിന്റെ ഇരകളായി അധ്യാപകര്‍ മാറിയിരിക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തിന് ഭൂഷണമല്ല. കോടതിയില്‍നിന്ന് ഒരു സമുദായത്തിന് അനുകൂലമായി ലഭിച്ച വിധി സമാന ഘടനയിലുള്ള എല്ലാ സൊസൈറ്റികളുടെയും സ്ഥാപനങ്ങളിലെ നിയമനത്തിനു നല്‍കണമെന്ന് കോടതി നിര്‍ദേശമുണ്ടായിട്ടും അത് സര്‍ക്കാര്‍ പാലിക്കാത്തത് കടുത്ത വിവേചനമാണ്.
ഭിന്നശേഷി വിഭാഗത്തിനുള്ള ഒഴിവുകള്‍ പൂര്‍ണമായും ക്രൈസ്തവ മാനേജ്മെന്റുകള്‍ മാറ്റിവയ്ക്കുക മാത്രമല്ല സംവരണം നടപ്പിലാക്കാന്‍ തയാറാണെന്നു സര്‍ക്കാരിനു സത്യവാങ്മൂലം നല്കിയിട്ടുള്ളതുമാണ്.
ഭിന്നശേഷിക്കാരായ അധ്യാപകരെ പൂര്‍ണമായി നിയമിക്കാതെ മറ്റ് അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കില്ലെന്ന സര്‍ക്കാരിന്റെ പിടിവാശിക്ക് അടിസ്ഥാനമില്ല. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിക്കുന്ന എല്ലാ യോഗ്യതകളും പരീക്ഷകളും പാസായ ആയിരക്കണക്കിന് അധ്യാപകരാണ് നിയമനം പാസാകാതെയും ശമ്പളം ലഭിക്കാതെയും യാതന അനുഭവിക്കുന്നത്. അവരുടെ കുടുംബങ്ങളിലെ നീറുന്ന സാഹചര്യങ്ങള്‍ സര്‍ക്കാര്‍ മനസിലാക്കണം.
സുപ്രീംകോടതിയുടെ വിധിപോലും പാലിക്കാത്തത് അങ്ങേയറ്റം വിവേചനപരമാണ്. ഇത് കേരളത്തിന്റെ ഭാവി വിദ്യാഭ്യാസത്തെ പിന്നോട്ടടിക്കാനേ ഉപകരിക്കൂ.
ഭിന്നശേഷി സംവരണത്തിലെ ഇരട്ടത്താപ്പ്

റവ. ഡോ. വർക്കി ആറ്റുപുറത്ത്
കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോ. പ്രസിഡന്റ്
അധ്യാപക-അനധ്യാപക നിയമനങ്ങളിൽ 1996 ഫെബ്രുവരി ഏഴു മുതൽ മൂന്ന് ശതമാനവും 2017 ഏപ്രിൽ 19 മുതൽ നാല് ശതമാനവും ഭിന്നശേഷിക്കാർക്കുവേണ്ടി മാറ്റിവയ്ക്കണമെന്നാണ് നിയമം. ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഒരു ഘട്ടത്തിലും ഭിന്നശേഷി സംവരണത്തിന് എതിരായിരുന്നില്ല.
എന്നാൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് 2022 ജൂൺ 25 വരെയും കർശനമായ നിർദേശങ്ങളോ വ്യക്തമായ നടപടിക്രമങ്ങളോ മാനദണ്ഡങ്ങളോ വിദ്യാഭ്യാസവകുപ്പോ സാമൂഹ്യക്ഷേമ വകുപ്പോ നൽകിയിരുന്നില്ല. 1996 മുതൽ കൊടുക്കേണ്ടിയിരുന്ന മുഴുവൻ ഭിന്നശേഷി നിയമനങ്ങളും ഒറ്റയടിക്ക് നൽകാൻ 2022ൽ സർക്കാരിൽനിന്ന് നിർദേശമുണ്ടായതാണ് പ്രതിസന്ധി സങ്കീർണമാക്കിയത്.
മാനേജ്മെന്റുകൾ പ്രത്യേകിച്ച് കത്തോലിക്കാ മാനേജ്മെന്റുകൾ മുഴുവൻ ഭിന്നശേഷി ഒഴിവുകളും സർക്കാരിന് വിട്ടുകൊടുത്തു. ഇതിനോടകം ലഭ്യമായ എല്ലാവരെയും നിയമിച്ചുകഴിഞ്ഞു. എന്നാൽ ഭിന്നശേഷിക്കാരെ ലഭ്യമല്ലാത്തതിനാൽ സംവരണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.
ഭിന്നശേഷി സംവരണം പൂർത്തീകരിക്കുന്നതുവരെ 2018നും 2021 നവംബർ എട്ടിനും ഇടയിൽ നിയമിതരായ അധ്യാപകർക്ക് താത്കാലികമായും 2021 നവംബർ എട്ടു മുതൽ നിയമിതരായവർക്ക് ദിവസവേതനത്തിലുമാണ് അംഗീകാരം ലഭിക്കുന്നത്.
ഭിന്നശേഷി സംവരണം പൂർത്തീകരിച്ച ശേഷമേ മറ്റ് ഒഴിവുകളിൽ നിയമിതരായവർക്ക് സ്ഥിരാംഗീകാരം ലഭിക്കുകയുള്ളൂവെങ്കിൽ അത് ഈ തലമുറയിലോ ഈ നൂറ്റാണ്ടിലോ ലഭിക്കാൻ പോകുന്നില്ല.
ഭിന്നശേഷിക്കാർക്കുവേണ്ടി ഒഴിവുകൾ മാറ്റിവച്ചാൽ മറ്റ് ഒഴിവുകളിൽ നിയമിതരായവർക്ക് സ്ഥിരനിയമനാംഗീകാരം നൽകാമെന്ന് എൻഎസ്എസിന് കോടതിയിൽനിന്നും സർക്കാരിൽനിന്നും ഉത്തരവുണ്ടായി. ഭിന്നശേഷിക്കാർക്കുവേണ്ടി ഒഴിവുകൾ മാറ്റിവച്ചിട്ടുള്ള കത്തോലിക്കാ മാനേജ്മെന്റുകൾക്കും ഈ അനുകൂല്യം നൽകേണ്ടതാണ്.
എല്ലാവർക്കും ബാധകമാക്കാവുന്ന എൻഎസ്എസിന്റെ വിധിയും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ഹൈക്കോടതിയിൽനിന്ന് നേടിയ അനുകൂല വിധിയും ഉണ്ടായിട്ടും കത്തോലിക്കാ മാനേജ്മെന്റുകളോട് വിവേചനം കാണിക്കുകയാണ്. ജോലിയിൽ പ്രവേശിച്ച് നാലും അഞ്ചും വർഷം കഴിഞ്ഞാലും അംഗീകാരം ലഭിക്കാത്ത സാഹചര്യവുമുണ്ട്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ നടത്തിയ പ്രസ്താവന പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും യഥാർഥ വിഷയത്തിൽനിന്ന് വഴിതിരിച്ചുവിടുന്നതുമാണ്. ഭിന്നശേഷി നിയമനത്തിലെ കാലതാമസം ഒഴിവാക്കാൻ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. ജില്ലാതലസമിതി ഇല്ലാത്തതല്ല, ഭിന്നശേഷിക്കാരുടെ ലഭ്യതയില്ലാത്തതാണ് പ്രശ്നം.
ഭിന്നശേഷിക്കാർക്കുവേണ്ടി മാറ്റിവച്ചിട്ടുള്ള മൂവായിരത്തിലധികം തസ്തികകളിലേയ്ക്ക് ഏകദേശം അഞ്ഞൂറിൽ താഴെ ഉദ്യോഗാർഥികളാണുണ്ടായിരുന്നത്. അവരെല്ലാം ഇതിനോടകം നിയമിക്കപ്പെട്ടു കഴിഞ്ഞു. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായിരിക്കുന്ന പതിനാറായിരത്തിലധികം അധ്യാപകർക്ക് അറിയേണ്ടത് ഭിന്നശേഷിക്കാർക്കുവേണ്ടി ഒഴിവുകൾ മാറ്റിവച്ചാൽ മറ്റ് ഒഴിവുകളിൽ നിയമിതരായവർക്ക് സ്ഥിര നിയമനാംഗീകാരം ലഭിക്കുമോയെന്നാണ്.
മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധം

മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ ആർച്ച്ബിഷപ്
ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട സർക്കാരിന്റെ എല്ലാ നിർദേശങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റുകൾ പാലിക്കുന്നുണ്ട്. ഈ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളെ സർക്കാർലിസ്റ്റിൽനിന്ന് നിയമിക്കാമെന്നു ക്രിസ്ത്യൻ മാനേജ്മെന്റുകൾ സത്യവാങ്മൂലം നൽകിയിട്ടുള്ളതുമാണ്. എന്നാൽ മന്ത്രി പൊതുജനസമക്ഷം വസ്തുതകൾക്കു വിരുദ്ധമായാണു പ്രസ്താവിച്ചത്.
വിഷയത്തിൽ എൻഎസ്എസിനു ലഭിച്ച സുപ്രീംകോടതിവിധിയിൽ, സമാനസ്വഭാവമുള്ള മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിലും ഈ വിധി ബാധകമാക്കാമെന്നു വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽനിന്നു ക്രിസ്ത്യൻ മാനേജ്മെന്റ് കൺസോർഷ്യം സമാനമായ വിധി നേടിയിട്ടുള്ളതാണ്.
ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചുള്ള മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങൾ മാത്രമാണ്.
പ്രസ്താവന ദുഃഖകരം, പരിഹാരം ആവശ്യം

മാർ ജോസഫ് പാംപ്ലാനി
തലശേരി ആർച്ച്ബിഷപ്
ക്രിസ്ത്യൻ മാനേജ്മെന്റുകളെ കുറ്റപ്പെടുത്തിക്കൊണ്ടും അവരെ സംശയത്തിന്റെ നിഴലിൽ നിറുത്തിക്കൊണ്ടും വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന ഏറെ ദുഃഖകരമാണ്. നാടിന്റെ നന്മയ്ക്കുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുകയും അവയിലൂടെ കേരളത്തിന്റെ നവോത്ഥാനത്തിന് വഴിയൊരുക്കുകയും ചെയ്ത ചരിത്രമാണ് കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേത്.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് സുപ്രീംകോടതി നിർദേശിച്ച സംവരണം നടപ്പിലാക്കാൻ ക്രിസ്ത്യൻ മാനേജ്മെന്റുകൾ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ഭിന്നശേഷി വിഭാഗത്തിൽനിന്ന് അർഹരായ ഉദ്യോഗാർഥികളെ കണ്ടെത്താൻ കഴിയിന്നില്ലായെന്നുള്ളതാണ് യഥാർഥ പ്രശ്നം. ഇതിനു പരിഹാരമെന്ന നിലയിലാണ് ഭിന്നശേഷി വിഭാഗങ്ങൾക്ക് അർഹമായ തസ്തികകൾ ഒഴിച്ചുകൊണ്ട് ശേഷിക്കുന്ന തസ്തികകളിൽ നിയമനം നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടത്.
ഈ ഉത്തരവിന്റെ ആനുകൂല്യം ചില സമുദായങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയത് കേരള സർക്കാരാണ്. ഈ തീരുമാനത്തിൽ ക്രൈസ്തവ വിവേചനം സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. പ്രശ്നപരിഹാരത്തിനായി ചർച്ചയ്ക്ക് തയാറാണെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന സ്വാഗതാർഹമാണ്.
ആറും ഏഴും വർഷങ്ങളായി വേതനമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന അധ്യാപകരുടെ കണ്ണുനീരിന് പരിഹാരം കണ്ടേ തീരൂ. നിരാശമൂലം പലരും ഇതിനോടകം ആത്മഹത്യയുടെ വഴി തേടിയെന്നത് പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്.
ഇക്കാര്യത്തിൽ സർക്കാർ അനുകൂല തീരുമാനം സത്വരമായി സ്വീകരിക്കണമെന്നത് അടിയന്തര ആവശ്യമാണ്.
പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണം

ഡോ. വര്‍ഗീസ് ചക്കാലയ്ക്കൽ
കോഴിക്കോട് ആര്‍ച്ച്ബിഷപ്
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതിനു പകരം അവരെ ചേര്‍ത്തുപിടിച്ച് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുകയാണ് വേണ്ടത്. സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നില്ല എന്ന പരാതി പലപ്രാവശ്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഭിന്നശേഷി സംവരണം ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ സ്ഥിരപ്പെടുത്താത്തതിനാല് നിരവധി കുടുംബങ്ങള്‍ പട്ടിണിയിലായ അവസ്ഥയാണുള്ളത്. നിയമനം സാധുവാക്കാത്തതിനാല് അവര്‍ക്ക് വര്‍ഷങ്ങളായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഈ വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ശക്തമായി ഇടപെടണം.
വസ്തുതകൾ അംഗീകരിക്കണം

മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
കോതമംഗലം ബിഷപ്
ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന് പ്രധാനമായും ക്രിസ്ത്യൻ മാനേജ്മെന്റ് എതിരാണെന്ന രീതിയിലുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തികച്ചും അടിസ്ഥാനരഹിതമാണ്.
നാളിതുവരെ സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇറക്കിയിട്ടുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണം പൂർത്തീകരിക്കുന്നതിനാവശ്യമായ ഒഴിവുകൾ മിക്കവാറും എല്ലാ കത്തോലിക്കാ മാനേജ്മെന്റുകളും മാറ്റിവച്ചിട്ടുള്ളതും റോസ്റ്റർ വഴി സമർപ്പിച്ചിട്ടുള്ളതുമാണ്. കൂടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നു ലഭിച്ച ലിസ്റ്റ് പ്രകാരം ഉദ്യോഗാർഥികൾക്ക് നിയമനം നൽകിയിട്ടുമുണ്ട്.
ഇപ്പോൾ ഏറ്റവും പുതിയ നിർദദേശം അനുസരിച്ച് ഇനിയും ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് വേണ്ടി മാറ്റിവച്ചിട്ടുള്ള ഒഴിവുകൾ സമന്വയയിൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. അവ പരിശോധിച്ചു സംസ്ഥാന/ ജില്ലാ സമിതിയിലേക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും അതിൻപ്രകാരം ഉദ്യോഗാർഥികളെ നൽകാത്തതുമാണ് ഭിന്നശേഷി സംവരണം ഇനിയും പൂർത്തീകരിക്കാത്തതിന്റെ കാരണം.
വസ്തുതകൾ ഇതായിരിക്കെ ഭിന്നശേഷിക്കാരെ നിയമിക്കുന്നതിന് മാനേജ്മെന്റുകൾ എതിരാണെന്ന രീതിയിലുള്ള മന്ത്രിയുടെ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധവും പ്രതിഷേധാർഹവുമാണ്. തെറ്റിദ്ധാരണാജനകമായ പ്രസ്താവന മന്ത്രി പിൻവലിച്ച്, സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം.
യാഥാർഥ്യങ്ങൾ മനസിലാക്കാതെയുള്ള പ്രസ്താവന: കോതമംഗലം രൂപത

ഫാ. ഷാജി മാത്യു മുണ്ടയ്ക്കൽ
സെക്രട്ടറി, കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി, കോതമംഗലം രൂപത
ഭിന്നശേഷിക്കാർക്ക് എതിരായി ചില മാനേജ്മെന്റുകൾ നിലപാടുകൾ എടുത്തതായുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന യാഥാർഥ്യങ്ങൾ മനസിലാക്കാതെയെന്നു കോതമംഗലം രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി. ഏതു മാനേജ്മെന്റാണ് ഇപ്രകാരം നിലപാടുകൾ സ്വീകരിച്ചിരിക്കുന്നതെന്നു മന്ത്രിതന്നെ വ്യക്തമാക്കേണ്ടതാണ്. ഏതെങ്കിലും ഒറ്റപ്പെട്ട മാനേജ്മെന്റുകൾ ഇപ്രകാരം ചെയ്തിട്ടുണ്ടെങ്കിൽ എല്ലാ മാനേജ്മെന്റുകളെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.
ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനു 2022 ജൂൺ 25നു സർക്കാർ ഇറക്കിയ ഉത്തരവിലെ മാർഗരേഖ പ്രകാരം 1996 മുതൽ നടത്തിയിട്ടുള്ള നിയമനങ്ങളുടെ ബാക്ക് ലോഗ് കണക്കാക്കി ഭിന്നശേഷി സംവരണം പൂർത്തീകരിക്കുന്നതിനായി കൃത്യമായ ഒഴിവുകൾ എല്ലാ ക്രിസ്ത്യൻ മാനേജ്മെന്റുകളും തയാറാക്കി സമന്വയ വഴി സമർപ്പിച്ചിട്ടുണ്ട്. ഇപ്രകാരം മാനേജ്മെന്റുകൾ തയാറാക്കിയിരിക്കുന്ന റോസ്റ്റർ 2023 ജൂൺ 30 നകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ചു സ്ഥിരീകരിക്കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം ഉണ്ടായിട്ടും ഇതു നടപ്പാക്കാത്ത വിദ്യാഭ്യാസ ഓഫീസർമാർ ഏറെയാണ്.
കാലാകാലങ്ങളിൽ സർക്കാരിൽനിന്നും വിദ്യാഭ്യാസ വകുപ്പിൽനിന്നും ലഭിച്ചിട്ടുള്ള സർക്കുലറുകളുടെ അടിസ്ഥാനത്തിൽ ഈ ഒഴിവുകൾ നികത്തുന്നതിനായി ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിക്വിസിഷൻ ഹോം സമർപ്പിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരെ ലഭ്യമല്ലെന്നുള്ള നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ പത്രപ്പരസ്യം നൽകി. എന്നിട്ടും യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കുന്നില്ല. ഈ യാഥാർഥ്യം വിദ്യാഭ്യാസ മന്ത്രി മറച്ചുവയ്ക്കുകയാണ്. 2022 മുതൽ ഇപ്രകാരം ഒഴിവുകൾ മാറ്റിവച്ചിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്തിട്ടും പത്രപ്പരസ്യം നൽകിയിട്ടും ഉദ്യോഗാർഥികളെ ലഭിക്കാത്ത സാഹചര്യമുണ്ട്.
2024 സെപ്റ്റംബറിൽ നൽകിയ സർക്കുലർ പ്രകാരം എല്ലാ മാനേജ്മെന്റുകളും ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ രേഖാമൂലം സമീപിച്ചിട്ടുണ്ട്. എന്നിട്ടും യോഗ്യരായ ഉദ്യോഗാർഥികളുടെ ലിസ്റ്റ് ലഭിക്കാത്തത് ആരുടെ തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കണം.
2005 ജൂൺ മുതൽ ഭിന്നശേഷിക്കാരെ ലഭ്യമാക്കുന്നതിനു സമന്വയയിൽ ലഭ്യമായിട്ടുള്ള പോർട്ടലിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നും വിദ്യാഭ്യാസ ഓഫീസർമാർ അവ പരിശോധിച്ചു റിപ്പോർട്ട് ചെയ്യണമെന്നും കഴിഞ്ഞ ജൂലൈ 10നു പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലറിലൂടെ നിർദേശിച്ചിരുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും അവ ഇതുവരെയും പരിശോധിച്ചു കൺഫേം ചെയ്യാത്തത് വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെ വീഴ്ചയാണ്. ഇപ്രകാരമുള്ള വീഴ്ചകളിൽ എന്ത് നടപടിയാണ് മന്ത്രി സ്വീകരിക്കുന്നതെന്നും വ്യക്തമാക്കണം.
സെപ്റ്റംബർ 10നകം ഭിന്നശേഷി സംവരണ നിയമനത്തിനുള്ള കാറ്റഗറി ഒന്നു മുതൽ ഏഴ് വരെ തിരിച്ചുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇത് ഇനിയും മാനേജർമാർക്ക് ലഭ്യമാക്കിയിട്ടില്ല.
ഭിന്നശേഷി നിയമനം പൂർത്തീകരിക്കാത്തത് മാനേജ്മെന്റ് ഒഴിവുകൾ മാറ്റിവയ്ക്കാത്തതിനാലല്ല. സമയബന്ധിതമായി വകുപ്പ് അധികാരികൾ ചെയ്തുതരേണ്ട കാര്യങ്ങൾ പൂർത്തീകരിക്കാത്തതിനാലാണ്. ഈ വസ്തുത വിദ്യാഭ്യാസ മന്ത്രി ഉൾക്കൊള്ളണം. ഇവയൊന്നും മനസിലാക്കാതെയും അംഗീകരിക്കാതെയും മാനേജ്മെന്റുകൾ ഭിന്നശേഷി നിയമനത്തിന് എതിരാണെന്നു പറയുന്നത് സർക്കാരിന് ചേർന്ന കാര്യമല്ല.
ഭിന്നശേഷിക്കാർക്ക് വേണ്ടി ഒഴിവുകൾ മാറ്റിവച്ചിട്ടുള്ള മാനേജ്മെന്റുകളുടെ ഒഴിവുകൾ പരിശോധിച്ച് ഉറപ്പുവരുത്തി, മറ്റ് നിയമനങ്ങൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അംഗീകരിച്ചു കൊടുക്കാൻ നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കണം.
മന്ത്രിയുടെ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കുന്നത്

ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
വരാപ്പുഴ ആർച്ച്ബിഷപ്
ക്രിസ്ത്യൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ മാനേജ്മെന്റുകൾ നൽകിയിട്ടുള്ള സംഭാവനകൾ അവഗണിക്കാനാവില്ല. ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
സർക്കാർ ഭിന്നശേഷി മേഖലയിൽ സംവരണം തുടങ്ങുന്നതിനു മുമ്പേ ആ വിഭാഗത്തെ കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്കൂളുകളിൽ നിയമനങ്ങളിൽ പരിഗണിച്ചിട്ടുണ്ട്. സംവരണത്തിനായുള്ള എല്ലാ ഒഴിവുകളും മാറ്റിവച്ചുകൊണ്ടു സത്യവാങ്മൂലം മാനേജ്മെന്റുകൾ നല്കിയിട്ടുള്ളതാണ്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സർക്കാരിന്റെ എല്ലാ നിർദേശങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റുകൾ പാലിക്കുന്നുണ്ട്.
ഇത് അനീതിയാണ്, വിവേചനമാണ്
ഡോ. മലയില്‍ സാബു ചെറിയാന് കോശി
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്
ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ മറ്റ് നിയമനങ്ങള്‍ തടഞ്ഞിരിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍മാണ്. ഇക്കാര്യത്തില്‍ എന്‍എസ്എസ് മാനേജ്മെന്റിന് മാത്രം നിയമന ആനൂകൂല്യങ്ങള്‍ നല്‍കിയത് വിവേചനപരമാണ്.
തുല്യനീതി നടപ്പാക്കേണ്ട സര്‍ക്കാര്‍ അതില്‍ വീഴ്ച വരുത്തുന്നത് അനീതിയാണ്. തിരുത്തലിന് സര്‍ക്കാര്‍ തയാറാകണം. പ്രതിഷേധിക്കാനും പ്രതികരിക്കാനും അധ്യാപകര്‍ നിര്‍ബന്ധിതരാകും.
കേരളത്തില്‍ നവോത്ഥാനത്തിന് മുഖ്യപങ്കുവഹിച്ചത് ക്രൈസ്തവസഭകളാണെന്ന് സര്‍ക്കാര്‍ വിസ്മരിക്കരുത്. നിയമകാര്യത്തിലെ അനീതിക്കെതിരെ സിഎസ്ഐ മധ്യകേരള മഹായിടവകയിലെ രണ്ടായിരത്തോളം അധ്യാപകര്‍ അടുത്ത മാസം 18ന് കോട്ടയത്ത് പ്രതിഷേധറാലിയും കളക്ടറേറ്റ് ധര്‍ണയും നടത്തുകയാണ്.
ഭിന്നശേഷിക്കാരായ അധ്യാപകര്‍ വേണ്ടത്ര ലഭ്യമല്ല

ഡോ. ഫസല്‍ ഗഫൂര്‍
എംഇഎസ് സംസ്ഥാന പ്രസിഡന്റ്
ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് നിയമനം നല്കുന്നതില് മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ (എംഇഎസ്) നിലപാട് വളരെ വ്യക്തമാണ്. സര്‍ക്കാര്‍ അനുശാസിക്കുന്ന വിധത്തില്‍ എംഇഎസിന്റെ കോളജുകളില്‍ ഭിന്നശേഷിക്കാരായ അധ്യാപകരുടെ നിയമനങ്ങള്‍ നേരത്തേ നടത്തിക്കഴിഞ്ഞതാണ്.
അതേസമയം സ്കൂളുകളിലാണ് മതിയായ ഒഴിവുകള്‍ നികത്തപ്പെടാത്തത്. അതിനു കാരണവുമുണ്ട്. ആവശ്യത്തിന് ഭിന്നശേഷിക്കാരായ അധ്യാപകരെ ലഭ്യമല്ല. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കത്തോലിക്കാ സഭയുടെ നിലപാടു തന്നെയാണ് എംഇഎസിനുമുള്ളത്.
സുപ്രീംകോടതിയിൽനിന്നു ലഭിച്ച വിധിയുടെ അടിസ്ഥാനത്തിൽ എൻഎസ്എസിന്റെ സ്കൂളുകൾക്കു നൽകിയ നിയമനാംഗീകാരം മുസ്ലിം, ക്രൈസ്തവ മാനേജ്മെന്റുകൾക്കും നൽകണം.
ഭിന്നശേഷി സംവരണം സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് അനുസരിച്ച് നടത്താന്‍ സാമുദായിക സംഘടന എന്ന നിലയ്ക്ക് എംഇഎസ് ഒരുക്കമാണ്.