ഹൃദയത്തിനുവേണ്ടി ഹൃദയപൂര്‍വം; കാരിത്താസ് ആശുപത്രിയുടെ സൈക്ലോത്തണ്‍
Tuesday, September 30, 2025 2:00 AM IST
കോട്ടയം: കാരുണ്യത്തിന്റെ മുഖമായ കാരിത്താസ് ആശുപത്രിയുടെ സാരഥി റവ. ഡോ. ബിനു കുന്നത്ത് ട്രാക്ക് സ്യൂട്ടും ടീഷര്‍ട്ടും അണിഞ്ഞ് കായികതാരത്തിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കൗതുകക്കാഴ്ചയായായി.
ലോക ഹൃദയദിനാചരണങ്ങളുടെ ഭാഗമായി കാരിത്താസ് ഹോസ്പിറ്റലിന്റെയും കോട്ടയം സൈക്ലിംഗ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോട്ടയം സൈക്ലോത്തണ്‍ 2025ലാണ് റവ. ഡോ. ബിനു കുന്നത്ത് ട്രാക്ക് സ്യൂട്ടും ടീഷര്‍ട്ടും അണിഞ്ഞ് സൈക്കിളിംഗിനായി വന്നത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങളുടെ പ്രാധാന്യം ഓര്‍മിപ്പിക്കാനാണ് കാരിത്താസ് ആശുപത്രി പരിപാടി സംഘടിപ്പിച്ചത്.
കാരിത്താസ് ആശുപത്രി പരിസരത്തുനിന്നാണു 100 കിലോമീറ്റര്‍ റൈഡ് സൈക്ലോത്തണ്‍ ആരംഭിച്ചത്. ഹൃദയാരോഗ്യത്തിന്റെ സന്ദേശവുമായി 40 കിലോമീറ്ററാണ് ഫാ. ബിനു കുന്നത്തും സംഘവും സൈക്കിള്‍ ചവിട്ടിയത്.
ഹൃദയാരോഗ്യം പോലെ മഹത്തായ ഒരു സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെ വ്യക്തിഗതവും സാമൂഹികവുമായ പ്രതിബദ്ധതയാണ് ഓരോരുത്തരും പ്രകടമാക്കേണ്ടതെന്നും റവ.ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.
രാവിലെ അഞ്ചിന് ആരംഭിച്ച സൈക്ലോത്തണ്‍ 100 കിലോമീറ്റര്‍ റൈഡിന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ റവ. ഡോ. ബിനു കുന്നത്ത് ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം സൈക്ലിംഗ് ക്ലബ് പ്രസിഡന്റ് ചെറിയാന് വര്‍ഗീസ് പരിപാടിക്ക് നേതൃത്വം നല്കി.
40 കിലോമീറ്റര്‍ റൈഡ് കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഫ്ലാഗ് ഓഫ് ചെയ്തു. കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ഫാ. ജോയ്സ് നന്ദിക്കുന്നേല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജിസ്മോന് മഠത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പങ്കെടുത്ത എല്ലാ സൈക്ലിസ്റ്റുകള്‍ക്കും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.