മാര്‍ സ്ലീവാ മെഡിസിറ്റിക്ക് യൂണിവേഴ്സല്‍ വേള്‍ഡ് റിക്കാര്‍ഡ് ഫോറത്തിന്റെ ആദരവ്
Tuesday, September 30, 2025 2:01 AM IST
പാലാ: ലോക ഹൃദയദിനത്തില്‍ 1,000 പേര്‍ക്ക് ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കിയതിന് മാര്‍ സ്ലീവാ മെഡിസിറ്റിക്ക് യൂണിവേഴ്സല്‍ വേള്‍ഡ് റിക്കാര്‍ഡ് ഫോറത്തിന്റെ ദേശീയ ആദരവ്.
ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന ചടങ്ങില്‍ മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, യൂണിവേഴ്സല്‍ റിക്കാര്‍ഡ് ഫോറം ഇന്റര്‍നാഷണല്‍ ജൂറി ഗിന്നസ് സുനില്‍ ജോസഫില്‍നിന്ന് ആദരവ് ഏറ്റുവാങ്ങി.
പ്രായോഗിക അറിവുകളിലൂടെ ജീവന്‍രക്ഷ എങ്ങനെ സാധിക്കാം എന്ന തിരിച്ചറിവ് പകര്‍ന്നാണ് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ മെഗാ ബിഎല്‍എസ് പരിശീലനം നല്‍കിയത്. സമ്മേളനത്തിന്റെ ഉദ്ഘാടനവും മോണ്‍. ജോസഫ് കണിയോടിക്കല്‍ നിര്‍വഹിച്ചു.
എസ്ജെസിഇടി ഡയറക്ടര്‍ റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത് അധ്യക്ഷത വഹിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജെയിംസ് തോമസ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.പി. ദേവസ്യ, സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീന്‍ ഡോ. ലിജോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി, സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്നോളജി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഉള്‍പ്പെടെയാണ് ഒറ്റ ദിവസം ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കിയത്. ചൂണ്ടച്ചേരി എന്‍ജിനിയറിംഗ് കോളജിലെ എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ചായിരുന്നു പരിപാടി.