ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം; നിരീക്ഷകനായി ജസ്റ്റീസ് ടി.ആര്. രാമചന്ദ്രന് നായരെ നിയോഗിച്ചു
Tuesday, September 30, 2025 2:01 AM IST
കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുള്ള അഭിമുഖം മുതല്‍ നറുക്കെടുപ്പ് വരെയുള്ള നടപടികള്‍ക്ക് നിരീക്ഷകനായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് ടി.ആര്. രാമചന്ദ്രന് നായരെ നിയോഗിച്ചു. മേല്‍ശാന്തി നിയമനം കുറ്റമറ്റതാക്കാന്‍ നടപടി വേണമെന്ന ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്.
നടപടികള്‍ കോടതിയുടെ അന്തിമവിധിക്ക് വിധേയമായി തുടരാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. നിയമനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ ചില നിര്‍ദേശങ്ങളോടെയാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് അനുമതി നല്‍കിയത്.
ഒക്ടോബര്‍ മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിദഗ്ധരും തന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഭിമുഖത്തിലും തുടര്‍ന്ന് സന്നിധാനത്തു നടക്കുന്ന നറുക്കെടുപ്പിലും നിരീക്ഷകന്റെ സാന്നിധ്യമുണ്ടാകണമെന്ന് ഉത്തരവില്‍ പറയുന്നു.
അഭിമുഖത്തിന്റെ മാര്‍ക്ക് ലിസ്റ്റ് നിരീക്ഷകന് ഒപ്പുവച്ചശേഷം ദേവസ്വം കമ്മീഷണറുടെ സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കണം. ബോള്‍ പോയിന്റ് പേനകൊണ്ടാകണം മാര്‍ക്ക് രേഖപ്പെടുത്തേണ്ടത്. നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണം.
അഭിമുഖം പൂര്‍ത്തിയായാല്‍ നിരീക്ഷകനും സ്പെഷല്‍ കമ്മീഷണറും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് നിര്‍ദേശം.