എസ്ഐആർ: കേരളത്തിന്റെ ആശങ്കയറിയിച്ച് ഏകകണ്ഠ പ്രമേയം
Tuesday, September 30, 2025 2:01 AM IST
തിരുവനന്തപുരം: ദീർഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ പ്രത്യേക വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനാ പ്രക്രിയ തിടുക്കത്തിൽ കേരളത്തിൽ നടപ്പാക്കുന്നതു ജനവിധി അട്ടിമറിക്കാനാണെന്ന ഭയം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നതായി നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
ബിഹാർ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കേ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ കൂടി തിടുക്കപ്പെട്ടു കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാൻ കഴിയില്ലെന്നു മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു നടക്കാനിരിക്കയാണിത്. ഈ സാഹചര്യത്തിൽ തിടുക്കപ്പെട്ടു നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണ്.
വോട്ടർപട്ടികയിൽ നിന്നും യുക്തിരഹിതമായ ഒഴിവാക്കലാണ് ബിഹാറിൽ നടന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തിൽ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ട്.
1987നു ശേഷം ജനിച്ചവർ അവരുടെ പിതാവിന്റെയോ മാതാവിന്റെയോ പൗരത്വരേഖകൂടി നൽകിയാലേ വോട്ടറാകൂ എന്ന നിബന്ധന പ്രായപൂർത്തി വോട്ടവകാശത്തെ ഹനിക്കുന്നതാണ്. 2003നു ശേഷം ജനിച്ചവർ പിതാവിന്റെയും മാതാവിന്റെയും പൗരത്വരേഖകൾ സമർപ്പിച്ചാലേ വോട്ടറാവൂ എന്ന നിഷ്കർഷയുണ്ട്.
രേഖകളില്ലാത്തതിന്റെ പേരിൽ വോട്ടർ പട്ടികയിൽനിന്നും ഒഴിവാക്കുന്നത്, പൗരന്മാർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റെ ലംഘനമാണ്. ന്യൂനപക്ഷ സമുദായങ്ങൾ, പട്ടികജാതി-വർഗ വിഭാഗങ്ങൾ, സ്ത്രീകൾ, ദരിദ്രകുടുംബങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പുറന്തള്ളപ്പെടലിൽ ഭൂരിപക്ഷവും .
വോട്ടർപട്ടികയിലുള്ള പ്രവാസി വോട്ടർമാരുടെ വോട്ടവകാശം നിലനിർത്തേണ്ടതുണ്ടെന്നും പ്രമേയത്തിൽ പറയുന്നു. മുസ്ലിം ലീഗിലെ എൻ. ഷംസുദീന്റെ ഭേദഗതികൾ അംഗീകരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രമേയം പാസാക്കിയത്.