മുക്കുപണ്ടം പണയം വയ്ക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും
Tuesday, September 30, 2025 2:00 AM IST
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ധനകാര്യ സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കുന്ന തരത്തിൽ നിയമഭേദഗതി പരിഗണനയിലാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
ഇത്തരക്കാർക്കെതിരേ പോലീസിന് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാം. അഞ്ചു വർഷത്തിനിടെ 861 കേസുകളാണുണ്ടായത്. ഏഴ് വർഷം വരെ തടവും പിഴയും കിട്ടാവുന്ന കേസാണിത്. കേരളാ മണി ലെൻഡേഴ്സ് ആക്ടിലെ 18 (ബി) വകുപ്പ് ഭേദഗതി ചെയ്ത് ശിക്ഷ കൂട്ടാൻ ശ്രമിക്കും. സ്ഥാപനത്തിനുണ്ടായ നഷ്ടം കുറ്റക്കാരിൽ നിന്ന് തിരിച്ചുപിടിക്കാനും ഭേദഗതി സഹായിക്കുമെന്ന് കോവൂർ കുഞ്ഞുമോന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിനായുള്ള റീ ടെൻഡർ ചെയ്യുന്നതിനുള്ള നടപടി കിഫ്ബി ഉടൻ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എസ്റ്റിമേറ്റ് ഉടൻ തയാറാക്കും. സ്ഥലമെടുപ്പിന് 20 കോടിയുടെ ഭരണാനുമതിയും 78.69 കോടിക്ക് ധനാനുമതിയും നൽകി.
ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാരത്തിന് 26.46 കോടി രൂപ അനുവദിച്ചു. നിർമാണത്തിന് 18മാസം കണക്കാക്കി ആദ്യം ടെൻഡർ ചെയ്തതാണെങ്കിലും കാലതാമസം കാരണം കരാറുകാരനെ കിഫ്ബി ഒഴിവാക്കുകയായിരുന്നെന്നും ഡോ.എൻ.ജയരാജിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.