സാമ്പത്തിക തകര്‍ച്ചയെന്നു പ്രതിപക്ഷം; ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ക്കു മുടക്കമില്ലെന്നു ധനമന്ത്രി
Tuesday, September 30, 2025 2:00 AM IST
തിരുവനന്തപുരം: കേരളം ഒരു കാലത്തുമുണ്ടാകാത്ത തരത്തിലുള്ള സാമ്പത്തിക തകര്‍ച്ചയെ നേരിടുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുമ്പോഴും ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ വീഴ്ച കൂടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നതായി ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മറുപടി.
സാമ്പത്തിക പ്രതിസന്ധിയേക്കുറിച്ച് ഡോ. മാത്യു കുഴല്നാടന് നോട്ടീസ് നല്കിയ അടിയന്തരപ്രമേയ ചര്‍ച്ചയിലാണ് കേരളത്തിന്റെ സാമ്പത്തികനില സംബന്ധിച്ച് ഭരണ പ്രതിപക്ഷ തര്‍ക്കം അരങ്ങേറിയത്.
കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഗ്രാന്റിലും കേന്ദ്ര വിഹിതത്തിലും കടമെടുക്കല്‍ പരിധിയിലും വലിയ വെട്ടിക്കുറവു വരുത്തിയിട്ടും കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ ചെലവഴിക്കുന്ന തുകയില്‍ 50 ശതമാനം വര്‍ധന വരുത്താന്‍ കഴിഞ്ഞു.
കടമെടുക്കാവുന്ന തുകയില്‍ അഞ്ചു വര്‍ഷം കൊണ്ട് ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ വെട്ടിക്കുറവു വരുത്തി. ഈ തുക അനുവദിച്ചിരുന്നെങ്കില്‍ മാത്രം ഇന്നുള്ള ബാധ്യതകള്‍ ഒന്നും ഉണ്ടാകില്ലായിരുന്നു.
തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം ഗണ്യമായി വര്‍ധിപ്പിച്ചു. ജിഎസ്ടിയില്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ ഒരു സംസ്ഥാനത്തിനും മുന്നോട്ടു പോകാനാകില്ലെന്നും കൂട്ടായ ചെറുത്തുനില്‍പ്പ് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും നികുതി പിരിവ് വര്‍ധിപ്പിക്കാന്‍ നടപടിയൊന്നുമില്ലെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ജിഎസ്ടിക്കു മുമ്പ് സ്വര്‍ണത്തില്‍ നിന്നുള്ള വരുമാനം 630 കോടി രൂപയായിരുന്നു. അന്നു സ്വര്‍ണം പവന് 4000 മുതല്‍ 5000 രൂപ വരെയായിരുന്നു വില.
ഇപ്പോള്‍ വില പതിനാറ് ഇരട്ടി വര്‍ധിച്ചിട്ടും സ്വര്‍ണത്തില്‍ നിന്നുള്ള നികുതി വരുമാനം വര്‍ധിക്കുന്നില്ല. പുതുതായി അഞ്ചു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്നാണ് വ്യവസായമന്ത്രി പറയുന്നത്. എന്നിട്ട് എന്തു കൊണ്ടാണ് നികുതി അടിത്തറ വിപുലപ്പെടാത്തതെന്നു മനസിലാകുന്നില്ല.
ബാറിന്റെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുമ്പോഴും അതില്‍ നിന്നുള്ള നികുതി വരുമാനം കൂടുന്നില്ല. കോടിക്കണക്കിനു രൂപയുടെ കുടിശിക ബില്ലുകള്‍ കെട്ടിക്കിടക്കുകയാണെന്നും വാര്‍ഷിക പദ്ധതി തകര്‍ന്നു തരിപ്പണമായെന്നും സതീശന് കുറ്റപ്പെടുത്തി.
നികുതി പിരിവില്‍ ഉള്‍പ്പെടെ കാര്യക്ഷമതയില്ലായ്മയാണ് സാമ്പത്തിക സ്ഥിതി മോശമാകാന്‍ കാരണമാകുന്നതെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ചു കൊണ്ട് ഡോ. മാത്യു കുഴല്നാടന് ചൂണ്ടിക്കാട്ടി. ജിഎസ്ടി വളര്‍ച്ചയില്‍ വലിയ തോതിലുള്ള കുറവു വന്നതായി കണക്കുകള്‍ പുറത്തു വന്നിട്ടുണ്ട്.
സാമ്പത്തിക വര്‍ഷം പകുതി പിന്നിട്ടപ്പോഴും പദ്ധതി ചെലവ് കാര്യമായി നടന്നിട്ടില്ല. കാര്‍ഷിക മേഖലയില്‍ ഒന്നും ചെയ്യുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയില്‍ വലിയ കുടിശിയുണ്ട്. ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശികയാണ്. ഗസ്റ്റ് അധ്യാപകരുടെ വേതനം പോലും സമയത്തു കൊടുക്കുന്നില്ല.
ചരിത്രത്തിലാദ്യമായി പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഗ്രാന്റിലും കൈവച്ചു. തദ്ദേശസ്ഥാപനങ്ങളുടെ ചെലവാക്കാത്ത തുക അടുത്ത വര്‍ഷത്തേക്കു കാരി ഓവര്‍ ചെയ്യുന്ന രീതി നിര്‍ത്തലാക്കി. ഇങ്ങനെ സമസ്ത മേഖലകളിലും പ്രതിസന്ധി തുടരുമ്പോഴും ധൂര്‍ത്തിനു കുറവില്ലെന്ന് മാത്യു കുഴല്നാടന് പറഞ്ഞു.