സൈബർ കേസുകളിൽ വൻ വർധന
Wednesday, October 1, 2025 1:38 AM IST
സീനോ സാജു
ന്യൂഡൽഹി: രാജ്യത്തെ സൈബർ കേസുകളിൽ വൻ വർധന. 2023ൽ 31.2 ശതമാനം വർധനയുണ്ടെയെന്നാണ് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻസിആർബി) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
രാജ്യം കൂടുതൽ ഡിജിറ്റലാകുന്നതിനനുസരിച്ച് ഡിജിറ്റൽ കുറ്റകൃത്യങ്ങളും വർധിക്കുന്നതിന്റെ പ്രതിഫലനമാണ് 2022നെ അപേക്ഷിച്ചു 2023ൽ സൈബർ കുറ്റകൃത്യങ്ങളിലുണ്ടായ 31.2 ശതമാനം വർധന. 2023ൽ 86,420 സൈബർ കുറ്റകൃത്യങ്ങളാണ് രാജ്യത്തു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 3295 കുറ്റകൃത്യങ്ങളാണ് കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
സൈബർ കേസുകളുടെ എണ്ണത്തിൽ കേരളത്തിന്റെ നില മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ടതാണെങ്കിലും പകുതി കേസുകളിലും കേരളം കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നു കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങളിൽ 2023ലെ കേരളത്തിന്റെ ചാർജ് ഷീറ്റിംഗ് നിരക്ക് 48.5 മാത്രമാണ്.
2023ൽ ഇന്ത്യയിൽ ഓരോ അഞ്ച് സെക്കൻഡിലും ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്ന് കേന്ദ്ര സർക്കാരിന്റെ കണക്ക്. റിപ്പോർട്ട് പ്രകാരം 2023ൽ രാജ്യത്തു 62,41,569 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2022നെ സംബന്ധിച്ചു 7.2 ശതമാനം വർധന.
ഇതിൽ ഇന്ത്യൻ പീനൽ കോഡിനു (ഐപിസി) കീഴിൽ 37,63,102 കേസുകളും സംസ്ഥാനങ്ങൾക്കു കീഴിലെ പ്രത്യേകവും പ്രാദേശികവുമായ നിയമങ്ങൾക്കു (എസ്എൽഎൽ) കീഴിൽ 24,78,467 കേസുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2022ൽ രേഖപ്പെടുത്തിയിരിക്കുന്ന 58,24,946 കേസുകളിൽനിന്ന് 4,16,623 കുറ്റകൃത്യങ്ങളാണ് ഒരുവർഷംകൊണ്ട് രാജ്യത്തു വർധിച്ചിരിക്കുന്നത്. 2022നെ അപേക്ഷിച്ചു കൊലപാതകക്കേസുകളിലും മനുഷ്യക്കടത്ത് കേസിലും നേരിയ കുറവുണ്ടെങ്കിലും സൈബർ കുറ്റകൃത്യങ്ങളിലും പട്ടികവർഗ-വിഭാഗക്കാർക്കെതിരേയുള്ള കുറ്റകൃത്യങ്ങളിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങളിലും വർധനയുണ്ടായിട്ടുണ്ട്.
അതിനിടെ കൊലപാതകക്കേസുകളിൽ 2022നെ അപേക്ഷിച്ചു 2023ൽ രാജ്യത്തു 2.8 ശതമാനം കുറവുണ്ട്. എന്നാൽ കേരളത്തിലാകട്ടെ 2022ൽ 334 കൊലപാതകക്കേസുകളും 2023ൽ 352 കേസുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രത്തിന്റെ കണക്കുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിലും വർധനയുണ്ടായിട്ടുള്ളതായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
സ്ത്രീകൾക്കെതിരായ അതിക്രമം രാജ്യത്തു 0.7 ശതമാനം വർധിച്ചപ്പോൾ കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ 9.2 ശതമാനം വർധിച്ച് 1.77 ലക്ഷം കേസുകൾ കടന്നു. 2022നെ അപേക്ഷിച്ചു 2023ൽ സ്ത്രീകൾക്കെതിരേയുള്ള 812 കുറ്റകൃത്യങ്ങളാണ് 2023ൽ കേരളത്തിൽ അധികമായിട്ടുള്ളത്. 2023ൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കേരളത്തിൽ 16,025 ആണെങ്കിൽ ഇന്ത്യയിലത് 4,48,211 ആണ്.
കുറ്റപത്രം നൽകുന്നതിൽ കേരളം മുന്നിൽ
ഐപിസിക്കു കീഴിൽ രേഖപ്പെടുത്തുന്ന കുറ്റകൃത്യങ്ങളിൽ ഏറ്റവുമധികം കുറ്റപത്രങ്ങൾ സമർപ്പിക്കുന്നത് കേരളമാണ്. ഐപിസിക്കു കീഴിലെ കുറ്റകൃത്യങ്ങളിൽ 95.6 ശതമാനമാണ് കേരളത്തിന്റെ ചാർജ് ഷീറ്റിംഗ് നിരക്ക്.
എസ്എൽഎല്ലിനു കീഴിൽ രേഖപ്പെടുത്തുന്ന കുറ്റകൃത്യങ്ങളിലും 99.6 ശതമാനം ചാർജ് ഷീറ്റിംഗ് നിരക്കോടെ മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾക്കു കീഴിൽ ഏറ്റവും കൂടുതൽ കുറ്റപത്രങ്ങൾ സമർപ്പിക്കുന്ന സംസ്ഥാനം കേരളമാണ്.