‘വെടിയുണ്ട'യിൽ നിയമസഭയിൽ അടി; പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡും തമ്മിൽ ഉന്തും തള്ളും
Wednesday, October 1, 2025 1:38 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട കയറുമെന്നു ഭീഷണി മുഴക്കിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിനെ തുടർന്നു നിയമസഭയിൽ സംഘർഷം.
സ്പീക്കറുടെ ഡയസിലേക്ക് മുദ്രാവാക്യം വിളിച്ചു തള്ളിക്കയറാൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് തടഞ്ഞത് ഉന്തിനും തള്ളിനുമിടയാക്കി. സംഘർഷഭരിതമായ അന്തരീക്ഷത്തിൽ 20 മിനിറ്റിനുള്ളിൽ ഇന്നലത്തെ നടപടികൾ അവസാനിപ്പിച്ചു നിയമസഭ പിരിഞ്ഞു.
രാവിലെ 10ന് ശൂന്യവേള തുടങ്ങിയപ്പോൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട കയറുമെന്നു ചാനൽ ചർച്ചയിൽ പറഞ്ഞ എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി വക്താവുമായ പ്രിന്റു മഹാദേവിനെ അറസ്റ്റ് ചെയ്യാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു നോട്ടീസ്.
എന്നാൽ, ചാനൽ ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി സഭയിൽ ഇത്തരം നിസാര കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയില്ലെന്നു സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞ് അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയായിരുന്നു. ഇതോടെ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി.
ലോക്സഭാ പ്രതിപക്ഷ നേതാവിനെ വെടിവയ്ക്കുമെന്നു സംഘപരിവാർ നേതാവ് പറഞ്ഞതു നിസാരമാണെന്നു പറഞ്ഞ സ്പീക്കറുടെ നടപടി അപലപനീയമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്പീക്കർ നീതി പാലിക്കുക എന്നെഴുതിയ ബാനറുമായി പ്രതിപക്ഷം നടുത്തളം നിറഞ്ഞു.
പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനു പിന്നാലെ വനിതകൾ അടക്കമുള്ള വാച്ച് ആൻഡ് വാർഡിനെ അണിനിരത്തി സ്പീക്കറും പ്രതിരോധമുയർത്തി. ഇത് ഏറെ നേരം പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചു.
പ്രിന്റു കീഴടങ്ങി
തൃശൂർ: സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ കൊലവിളി ഉയർത്തിയ എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനറുമായ പ്രിന്റു മഹാദേവൻ പേരാമംഗലം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ രാത്രി ഏഴരയോടെയാണു ബിജെപി നേതാക്കൾക്കൊപ്പം പ്രിന്റു മഹാദേവൻ പോലീസ് സ്റ്റേഷനിലെത്തിയത്.