സംസ്ഥാന നിക്ഷേപ പ്രോത്സാഹന ബോർഡ് ആരംഭിക്കും
Wednesday, October 1, 2025 12:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായങ്ങൾ ആരംഭിക്കുന്നത് സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ബിൽ, കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ (നുവാൽസ്) അനധ്യാപക നിയമനങ്ങൾ പിഎസ്സിക്ക് വിട്ടത് പിൻവലിക്കാൻ വ്യവസ്ഥ ചെയ്യുന്ന 2025 ലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ(സർവകലാശാലകളുടെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ഭേദഗതി ബിൽ എന്നിവ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായയച്ചു.
വ്യവസായ പദ്ധതികൾ ആരംഭിക്കുന്നതിന്റെ സങ്കീർണതകൾ ഒഴിവാക്കാനും അനുമതികൾ അനുവദിക്കുന്നത് വേഗത്തിലാക്കാനുമാണ് കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ബിൽ കൊണ്ടു വന്നത്.
വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ചെയർപേഴ്സണായി കേരള സംസ്ഥാന നിക്ഷേപ പ്രോത്സാഹന ബോർഡ് രൂപീകരിക്കാനും തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി ചീഫ് സെക്രട്ടറി ചെയർപേഴ്സണായി കേരള സംസ്ഥാന നിക്ഷേപ പ്രോത്സാഹന നിരീക്ഷണ കമ്മിറ്റി രൂപീകരിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.