കാലാവസ്ഥാ വ്യതിയാനം മത്തിയുടെ ലഭ്യതയെ ബാധിച്ചെന്നു പഠനം
Wednesday, October 1, 2025 1:38 AM IST
കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങൾ മത്തിയുടെ ലഭ്യതയിൽ ഏറ്റക്കുറച്ചിലുകൾക്കു കാരണമാകുന്നുണ്ടെന്നു പഠനം.
കേരളതീരത്ത് കഴിഞ്ഞ വർഷം മത്തിക്കുഞ്ഞുങ്ങൾ അപ്രതീക്ഷിതമായി വർധിച്ചതിനും തുടർന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കും കാരണം മൺസൂൺ മഴയിലെ മാറ്റങ്ങളാണെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം വ്യക്തമാക്കുന്നു.
മത്തിയുടെ ലഭ്യതയിൽ സമീപകാലങ്ങളിൽ വലിയ വ്യതിയാനമാണുണ്ടായത്. 2012ൽ സംസ്ഥാനത്ത് നാലു ലക്ഷം ടൺ എന്ന റിക്കാർഡ് അളവിൽ ലഭിച്ച മത്തി 2021ൽ 3500 ടണ്ണായി കുത്തനെ കുറഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം ശരാശരി പത്ത് സെന്റീമീറ്റർ വലിപ്പമുള്ള കുഞ്ഞൻ മത്തി കേരളതീരത്ത് വൻതോതിൽ പ്രത്യക്ഷപ്പെട്ടു.
കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇവ കൂട്ടത്തോടെ കരയ്ക്കടിഞ്ഞ സംഭവങ്ങളുമുണ്ടായി.സൂക്ഷ്മപ്ലവകങ്ങളുടെ അളവ് പോലുള്ള ആവാസവ്യവസ്ഥയിലെ ഉത്പാദനക്ഷമതയാണ് മത്തിയുടെ ലഭ്യതയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതെന്നും പഠനം കണ്ടെത്തി.
ഉഷ്ണതരംഗങ്ങളും മത്തിയും തമ്മിൽ ?
സമുദ്രത്തിലെ ഉഷ്ണതരംഗങ്ങൾ മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും ബാധിച്ചിരിക്കാമെന്നും പഠനത്തിനു നേതൃത്വം നൽകിയ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. യു. ഗംഗ പറഞ്ഞു. കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് എന്നിവിടങ്ങളിലെ സവിശേഷതകൾ വിശകലനം ചെയ്താണ് സിഎംഎഫ്ആർഐ പഠനം നടത്തിയത്.