ജയില്‍ചാട്ടം തടയാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന കർശനമാക്കും
Wednesday, October 1, 2025 12:35 AM IST
ജോണ്സണ് വേങ്ങത്തടം
കൊല്ലം: ജയില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജയില്‍ചാട്ടങ്ങള്‍, മറ്റു ജയില്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനുമായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം.
ഗാന്ധിജയന്തിദിനമായ നാളെ വരെ സ്പെഷല്‍ ഡ്രൈവ് നിര്‍ദേശിച്ചുകൊണ്ടാണ് ജയിൽ ആസ്ഥാനത്തുനിന്നു ജയില്‍ ഡിഐജി വിനോദ്കുമാര്‍ ഉത്തരവിട്ടിരിക്കുന്നത്. ആയുധങ്ങള്‍, മയക്കുമരുന്നുകള്‍, മൊബൈല്‍ ഫോണ്‍, പണം എന്നിവ ജയിലിലേക്കു കടക്കുന്നില്ലെന്നു കൃത്യമായ പരിശോധനയിലൂടെ ഉറപ്പുവരുത്തണം. തടവുകാരുടെ തലമുടി, താടി എന്നിവ അനുവദനീയമായ രീതിയിലാണോ പരിപാലിക്കുന്നതെന്ന വിവരം ഉറപ്പുവരുത്തണം.
ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചു ജയിലിനുള്ളിലെ ചെറിയ സ്ഥലങ്ങള്‍, ബാത്റൂമുകള്‍, അടുക്കളയുടെ അടുത്തുള്ള സ്ഥലങ്ങള്‍, ജയില്‍ ഗേറ്റ്, ഇന്റര്‍വ്യൂ റുമുകള്‍, മതിലിനോട് ചേര്‍ന്ന സ്ഥലങ്ങള്‍, അനധികൃത വസ്തുക്കള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവ പരിശോധിക്കണം.
ജയിലുകളിലെ എല്ലാ ബ്ലോക്കുകളും സെല്ലുകളും വിശദമായി പരിശോധിക്കുകയും സെല്ലില്‍ താമസിക്കുന്ന തടവുകാരുടെ സാധനസാമഗ്രികള്‍ പരിശോധിക്കുകയും ചെയ്യണം. തടവുകാര്‍ അനധികൃതമായി കൈവശം വച്ചിട്ടുള്ള സാധനങ്ങള്‍ നീക്കം ചെയ്യാനും തയാറാകണം.
ജയില്‍ ചാട്ടത്തിനു സഹായമായ ലോഹ വസ്തുക്കള്‍, ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തുകയാണെങ്കില്‍ അതെല്ലാം നീക്കം ചെയ്യേണ്ടതാണെന്നും നിര്‍ദേശിക്കുന്നു. അനാവശ്യമായി കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍, ഉപയോഗശൂന്യമായ പാത്രങ്ങള്‍, കയറുകള്‍, ചരടുകള്‍, ജയില്‍ ചാട്ടത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന മറ്റു ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി നശിപ്പിക്കണം. ജയിലിന്റെ മതിലിനോടു ചേര്‍ന്നുള്ള വാഴകള്‍, മറ്റു വൃക്ഷങ്ങള്‍ എന്നിവയുണ്ടെങ്കില്‍ അവ വെട്ടിമാറ്റുന്നതിനുള്ള നടപടികളും സ്വീകരിക്കണം.
ജയിലുകളില്‍ പ്രവേശിക്കപ്പെടുന്ന തടവുകാരുടെ നോമിനിവിവരങ്ങള് അവരുടെ ജയില്പ്രവേശന സമയത്തു തന്നെ ഇ-പ്രിസണില്‍ രേഖപ്പെടുത്തണമെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. ജയില്‍ അന്തേവാസികള്‍ ജയിലുകളില്‍ ശിക്ഷ പൂര്‍ത്തിയാക്കാതെ ജയിലുകളില്വച്ചോ പുറത്തുവച്ചോ മരണപ്പെടുന്ന അവസരത്തില്‍ നോമിനികളുമായി ബന്ധപ്പെട്ടു മരണപ്പെട്ട തടവുകാരന്റെ അനന്തരാവകാശസര്ട്ടിഫിക്കറ്റ് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നു ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായാല്‍ വിവരം ഇ-പ്രിസണില്‍ ചേര്ക്കണ്ടതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തടവുകാരെ തുറന്നജയിലിലേക്കു തെരഞ്ഞെടുക്കുന്നതിനായി ഒരു സമിതി ഉണ്ടാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ സ്ക്രൂട്ടിനിംഗ് കമ്മിറ്റി സമയബന്ധിതമായി സംഘടിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു.