മെഡിക്കല്‍ മിഷന് സന്യാസിനി സമൂഹം ആതുരസേവനത്തിന്റെ അനുകരണീയ മാതൃക: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Wednesday, October 1, 2025 1:38 AM IST
കോട്ടയം: ദൈവത്തിന്റെ ആതുരസേവനത്തിന്റെ അനുകരണീയ മാതൃകയാണ് മെഡിക്കല്‍ മിഷന് സന്യാസിനി സമൂഹത്തിന്റെ ശുശ്രൂഷയിലൂടെ കാണാന്‍ സാധിക്കുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മെഡിക്കല്‍ മിഷന് സന്യാസിനി സമൂഹം സ്ഥാപിതമായതിന്റെ ശതാബ്ദി ആഘോഷ സമാപനം കോട്ടയം ലൂര്‍ദ് പള്ളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍.
മെഡിക്കല്‍ മിഷന് സിസ്റ്റേഴ്സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലില്ലി ജോസഫ് അധ്യക്ഷത വഹിച്ചു. കല്യാണ്‍ അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. നീതി ബോധമുള്ള സന്യാസിനി സമൂഹം എന്ന നിലയില്‍ ഈശോയുടെ സ്നേഹത്തിന്റെ ശുശ്രൂഷയാണ് മെഡിക്കല്‍ മിഷന് സന്യാസിനികള്‍ നടത്തുന്നതെന്ന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള രോഗികളിലും നിരാലംബരിലും യേശുവിന്റെ മുഖം കണ്ട് അവര്‍ക്ക് സാന്ത്വനം പകരുന്നതാണ് മെഡിക്കല്‍ മിഷന് സിസ്റ്റേഴ്സിന്റെ ശുശ്രൂഷയെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം, ജോസ് കെ.മാണി എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചാണ്ടി ഉമ്മന്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ റീബ വര്‍ക്കി, കോട്ടയം ലൂര്‍ദ് ഫൊറോന വികാരി ഫാ. ജേക്കബ് വട്ടയ്ക്കാട്ട്, ഫാ. ജോബിന് വന്യംപറമ്പില്‍, ബഥനി സിസ്റ്റേഴ്സ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസി, സിസ്റ്റര്‍ എലൈസ കുപ്പോഴയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
സിസ്റ്റര്‍ ജോവാന് ചുങ്കപ്പുര സ്വാഗതവും സിസ്റ്റര്‍ റെജി പെരിങ്ങാരപ്പള്ളി നന്ദിയും പറഞ്ഞു. സിസ്റ്റര്‍ എലൈസ കുപ്പോഴയ്ക്കല്‍ രചിച്ച സമഗ്ര ആരോഗ്യം ഒരു പരീക്ഷണം എന്ന പുസ്തകം ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റത്തിനു നല്കി പ്രകാശനം ചെയ്തു. വിവിധ മേഖലകളില്‍ സേവനം ചെയ്്ത എട്ടു പേരെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആദരിച്ചു.