തെരഞ്ഞെടുപ്പ്: വർഗീയ സംഘർഷ സാധ്യത തടയാൻ മുന്നൊരുക്കം വേണം: മുഖ്യമന്ത്രി
Wednesday, October 1, 2025 1:38 AM IST
തിരുവനന്തപുരം: തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തു വരാനിരിക്കേ സംസ്ഥാനത്ത് വർഗീയ സംഘർഷമുണ്ടാക്കി മുതലെടുക്കാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടു തടയാൻ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സൈബർ വിഭാഗങ്ങൾ മുഖേനെ വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തടയുന്നതിൽ പോലീസ് രഹസ്യാന്വേഷണ സംവിധാനങ്ങൾ കഴിവിന് അനുസരിച്ച് ഉണർന്നു പ്രവർത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്പിമാർ മുതൽ മുകളിലേക്കുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
പോലീസ് സ്പെഷൽ ബ്രാഞ്ച്, ഇന്റലിജിലൻസ് സംവിധാനങ്ങൾ കൂടുതൽ പ്രവർത്തന സജ്ജമാകണം. രഹസ്യാന്വേഷണ നിരീക്ഷണം ശക്തിപ്പെടുത്തണം. പല തലത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇതിന്റെയെല്ലാം മുൾമുനയിലാണ് കേരളമെന്നും ഇതു മുൻകൂട്ടി കണ്ടുള്ള പ്രവർത്തനവും നടപടികളുമാകണം പോലീസ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കസ്റ്റഡി മർദനം ഒരിടത്തും ഉണ്ടാകാൻ പാടില്ല. മനുഷ്യവകാശ ലംഘനവും പോലീസിന്റെ ഭാഗത്തു നിന്നു പാടില്ല. ഇത്തരം പരാതി ഉയർന്നാൽ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരേ അടക്കം കർശന നടപടി സ്വീകരിക്കും.
ഗുണ്ടാ-ക്രിമിനൽ സംഘങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണം. ഗുണ്ടകളുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, എഡിജിപിമാർ തുടങ്ങിയവർ പങ്കെടുത്തു.