മാര്‍ത്തോമ്മാ ഭവൻ ഭൂമി കൈയേറ്റം: നീതി ഉറപ്പാക്കണമെന്നു കെസിഎഫ്
Wednesday, October 1, 2025 12:35 AM IST
കൊച്ചി: കളമശേരി മാര്‍ത്തോമ്മാ ഭവൻ ഭൂമിയില്‍, കോടതി വിധി മറികടന്ന് ചിലർ ആസൂത്രിതമായി ചുറ്റുമതില്‍ തകര്‍ത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം തികച്ചും അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണെന്ന് കേരള കാത്തലിക് ഫെഡറേഷന് സംസ്ഥാന സമിതി കുറ്റപ്പെടുത്തി.
മൂന്നാഴ്ചകള്‍ക്ക് ശേഷവും അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയോ കൈയേറ്റത്തിന് പിന്നിലുള്ള സംഘത്തിനെതിരേ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. സാമൂഹിക ഐക്യം ലക്ഷ്യമാക്കി സഭ പുലര്‍ത്തുന്ന സഹിഷ്ണുതയെ മുതലെടുക്കുന്ന നിലപാടുകള്‍ക്ക് അധികാരികള്‍ കൂട്ടുനില്‍ക്കരുത്.
മാര്‍ത്തോമ്മാ ഭവന്റെമേല് നടന്ന ഈ അതിക്രമത്തിന് കാരണക്കാരായവരെയെല്ലാം നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയും എല്ലാ കൈയേറ്റങ്ങളും പൂര്‍ണമായി ഒഴിപ്പിക്കുകയും വേണം. മാര്‍ത്തോമ്മാ ഭവനനിലെ അന്തേവാസികള്‍ക്ക് സുരക്ഷയും നീതിയും സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കെസിഎഫ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച സമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകുളം, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, എംസിഎ ഗ്ലോബല്‍ പ്രസിഡന്റ് എസ്.ആർ. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.
കെസിഎഫ് സംസ്ഥാന സമിതിയുടെ നേതൃത്തിലുള്ള സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് മാര്‍ത്തോമ്മാ ഭവൻ അധികൃതർക്ക് പരിപൂര്‍ണ പിന്തുണയറിയിച്ചു.