ഏക കിടപ്പാടത്തിന് ജപ്തിയിൽനിന്ന് സംരക്ഷണം: ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
Wednesday, October 1, 2025 12:36 AM IST
തിരുവനന്തപുരം: മനപൂർവമല്ലാത്ത കാരണത്താൽ വായ്പാ തിരിച്ചടവ് മുടങ്ങിയവരുടെ കിടപ്പാടം സംരക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്ന 2025 ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഏക കിടപ്പാടം പണയപ്പെടുത്തി വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങിയതു മൂലം പണയപ്പെടുത്തിയ ഏക കിടപ്പാടം നഷ്ടപ്പെട്ട് കുടുംബങ്ങൾ കുടിയിറക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.
പരമാവധി വായ്പാ തുക അഞ്ച് ലക്ഷം രൂപയും, പിഴയും പിഴപ്പലിശയുമടക്കം 10 ലക്ഷം രൂപ കവിയാത്തതുമായ പ്രതിവർഷം മൂന്ന് ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കുമാണ് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക.
പണയപ്പെടുത്തിയ വസ്തു ഒഴികെ കടമെടുത്തയാൾക്കും കുടുംബാംഗങ്ങൾക്കും സ്വന്തം പേരിലോ കൂട്ടായ പേരിലോ മറ്റ് വസ്തുവകകൾ ഉണ്ടായിരിക്കാൻ പാടില്ല. തിരിച്ചടവിന് മറ്റ് മാർഗങ്ങൾ ഉണ്ടാകാനും പാടില്ല. ആകെ ഭൂമിയുടെ വിസ്തീർണം മുനിസിപ്പൽ, കോർപറേഷൻ പരിധിയിൽ അഞ്ച് സെന്റിലും ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പത്ത് സെന്റിലും കൂടാൻ പാടില്ല.
വായ്പ എടുത്ത തീയതിക്കു ശേഷം കടമെടുത്തയാളോ കുടുംബാംഗങ്ങളോ തങ്ങളുടെ പേരിലുള്ള ഏതെങ്കിലും വസ്തുവകകൾ കൈമാറ്റം ചെയ്തിരിക്കരുത് തുടങ്ങിയ വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു കുടുംബത്തിന് ഒരിക്കൽ മാത്രമേ ആനുകൂല്യം ലഭ്യമാകൂ. അർഹരായവരെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാതലത്തിൽ കിടപ്പാടം സംരക്ഷണ സമിതി രൂപീകരിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അപേക്ഷകൾ സ്വീകരിക്കാനും പരിശോധിക്കാനുമുള്ള അധികാരം ജില്ലാതല സമിതകൾക്കായിരിക്കും. മാനദണ്ഡങ്ങൾ പ്രകാരം സമിതിയുടെ അംഗീകാരം ലഭിക്കുന്നവർക്കു മാത്രമേ ആനുകൂല്യം ലഭിക്കൂ എന്നും ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്.