ഉടുമ്പന്‍ചോലയില്‍ യുവാവ് കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ
Wednesday, October 1, 2025 1:38 AM IST
നെടുങ്കണ്ടം: യുവാവിനെ വീടിനുള്ളിൽ കിടക്കയില്‍ കഴുത്തറത്തു കൊല്ലപ്പെട്ട നിലയില്‍. ഉടുമ്പന്‍ചോല കാരിത്തോട് സ്വദേശി ശംഖിലി മുത്തു - സുന്ദരമ്മ ദമ്പതികളുടെ മകന് സോള്രാജാ(30)ണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കിടക്കയില്‍ കഴുത്തു മുറിഞ്ഞു രക്തംവാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറങ്ങുന്നതിനിടയില്‍ നടത്തിയ കൊലപാതകമാണെന്നാണ് സംശയം. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്.
മുറിക്കുള്ളിലെ തറയില്‍ ഭിത്തിയോടു ചേര്‍ന്നു വിരിച്ചിട്ട കിടക്ക ഷീറ്റില്‍ തലക്കടിയില്‍ കൈവച്ചു കിടന്നുറങ്ങുന്ന നിലയില്‍ ചെരിഞ്ഞാണ് മൃതദേഹം കിടന്നിരുന്നത്. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്ത് ഒരു പെയിന്റ് ബക്കറ്റ് മറിഞ്ഞു കിടക്കുന്ന നിലയിലും കണ്ടെത്തി.
ഇയാള്‍ക്കു മദ്യപിച്ചു ബഹളമുണ്ടാക്കി വീട്ടുകാരെ ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച മദ്യപിച്ചെത്തിയ ഇയാള്‍ വീട്ടുകാരെ ഇറക്കിവിട്ടിരുന്നു. തുടര്‍ന്ന് വീട്ടില്‍ ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച വീട്ടിലെത്തിയ ബന്ധുക്കളാണ് മരിച്ച നിലയില്‍ സോള്‍രാജിനെ കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ അനൂപ്മോന്‍, ജര്‍ലിന്‍ വി. സ്കറിയ, ടി.സി. മുരുകന് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇടുക്കിയില്‍നിന്നുള്ള ഫോറന്‍സിക് സംഘവും പോലീസ് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കവിതയാണ് സഹോദരി.