ഇഎസ്ജി നയത്തിനു മന്ത്രിസഭയുടെ അംഗീകാരം
Wednesday, October 1, 2025 12:35 AM IST
തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദവും സമൂഹനന്മ ലക്ഷ്യമാക്കിയുള്ളതുമായ വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനായി ഇഎസ്ജി (എൻവയണ്മെന്റൽ, സോഷ്യൽ, ഗവേണൻസ്) നയത്തിനു മന്ത്രിസഭയുടെ അംഗീകാരം.
ആവാസവ്യവസ്ഥയ്ക്ക് ഇത്തരം വ്യവസായങ്ങൾ അനുയോജ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. ആഗോളതലത്തിൽ ഇഎസ്ജി നിക്ഷേപം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഇഎസ്ജി നിക്ഷേപത്തിനുള്ള ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.
ഇഎസ്ജി തത്വങ്ങൾ പാലിക്കുന്ന നിക്ഷേപങ്ങളെ ആകർഷിക്കുകയും അവയ്ക്ക് അനുയോജ്യമായ ആദ്യസ്ഥാനമായി കേരളത്തെ മാറ്റുകയുമാണ് നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. 2030 വരെയാണ് നയം പ്രാബല്യത്തിലുണ്ടാകുക.
പരിസ്ഥിതിക്കിണങ്ങുന്നതും സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവും മൂല്യാധിഷ്ഠിതവുമായ ഭരണനിർവഹണം ഉറപ്പാക്കുന്നതുമായ വ്യവസായങ്ങളുടെ പ്രോത്സാഹനമാണ് നയം. സംരംഭകർക്കും ജനങ്ങൾക്കുമിടയിൽ ഇതേക്കുറിച്ച് അവബോധം വളർത്താനായി പ്രത്യേക കാന്പയിനുകൾ സംഘടിപ്പിക്കും.
സ്കൂൾ, സർവകലാശാലാ പാഠ്യപദ്ധതി സംയോജനം, പരിശീലന ശില്പശാലകൾ, സെമിനാറുകൾ തുടങ്ങി വിപുലമായ ബോധവത്കരണ പരിപാടികൾ എന്നിവ ഒരുക്കും. ഇഎസ്ജി റേറ്റിംഗുകളും അവാർഡുകളും നടപ്പാക്കും. ഡിജിറ്റൽ ഇ-പോർട്ടൽ വികസിപ്പിക്കും. കേരളത്തെ ഇഎസ്ജി സംസ്ഥാനമായി ബ്രാൻഡ് ചെയ്യുമെന്നും നയം വിശദീകരിക്കുന്നു.
ഇഎസ്ജി പ്രോത്സാഹിപ്പിക്കാൻ നിക്ഷേപങ്ങൾക്ക് നികുതി ഇളവ്, സബ്സിഡികൾ, വായ്പാ ഇളവുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, ഡിപിആർ പിന്തുണ എന്നിവ ഉറപ്പാക്കും.
അഞ്ചുവർഷത്തേക്ക് മൂലധന നിക്ഷേപത്തിന്റെ നൂറു ശതമാനം റീഇംബേഴ്സ്മെന്റ് നൽകുമെന്നും സ്ഥിര മൂലധന നിക്ഷേപത്തിന് 10 ശതമാനം സബ്സിഡി (50 ലക്ഷം രൂപ വരെ) നൽകുമെന്നും നയത്തിൽ പറയുന്നു. യന്ത്രസാമഗ്രികൾക്കും സാങ്കേതികവിദ്യകൾക്കും കെഎസ്ഐഡിസി വഴി കുറഞ്ഞ നിരക്കിൽ വായ്പ നൽകും.
പ്രോജക്റ്റ് റിപ്പോർട്ട് തയാറാക്കുന്നതിന് സഹായം നൽകാൻ എംഎസ്എംഇ ക്ലിനിക്കുകൾ സ്ഥാപിക്കും. സംരംഭകത്വ പിന്തുണ പദ്ധതി, സ്റ്റാർട്ടപ് ഇൻകുബേഷൻ, വിപണി പിന്തുണ, ഇഎസ്ജിയിലേക്ക് മാറുന്നതിന് നിലവിലുള്ള സംരംഭങ്ങൾക്ക് സബ്സിഡി എന്നിവയും പ്രഖ്യാപിച്ചു.
2040ഒാടെ പൂർണമായി പുനരുപയോഗ ഊർജ ഉപയോഗവും 2050ൽ കാർബണ് ന്യൂട്രാലിറ്റിയും കൈവരിക്കാനും നയം ലക്ഷ്യമിടുന്നു. സോളാർ പാർക്കുകൾ, ഫ്ളോട്ടിംഗ് സോളാർ, കാറ്റാടിപ്പാടങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, ബയോമാസ് പദ്ധതികൾ എന്നിവയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കും. കെഎസ്ഐഡിസിയാണ് ഇസ്ജിയുടെ നോഡൽ ഏജൻസി.