ശബരിമല ദ്വാരപാലക ശില്പം: തൂക്കക്കുറവിൽ ക്രമക്കേടെന്ന് ശില്പി
Wednesday, October 1, 2025 12:35 AM IST
ചെങ്ങന്നൂർ: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശിയ പാളികൾ അറ്റകുറ്റപ്പണിക്കു ശേഷം തിരികെ കൊണ്ടുവന്നതിൽ വൻ ക്രമക്കേട് നടന്നതായി ശില്പി മഹേഷ് പണിക്കർ.
2019ൽ കൊണ്ടുപോയ ശില്പ പാളികളല്ല ഇപ്പോൾ തിരികെ എത്തിച്ചിരിക്കുന്നതെന്നും ഇതിനു പിന്നിൽ തട്ടിപ്പുണ്ടെന്നും തട്ടാവിള കുടുംബാംഗമായ മഹേഷ് പണിക്കർ ആരോപിച്ചു.
ദ്വാരപാലക ശില്പങ്ങൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശേഷം തിരികെ എത്തിച്ചപ്പോൾ മൂന്നു കിലോയോളം തൂക്കത്തിൽ കുറവ് വന്നതായി കോടതിതന്നെ കണ്ടെത്തിയിരുന്നു.
വ്യവസായി വിജയ് മല്യ 2019ൽ ക്ഷേത്രത്തിൽ സംഭാവനയായി നൽകിയ സ്വർണം പൂശിയ പാളികളല്ല ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. മറിച്ച്, മോൾഡ് ഉപയോഗിച്ചു പുതുതായി നിർമിച്ചവയാണ്. ഈ പുതിയ നിർമാണമാണ് തൂക്കത്തിൽ കുറവുണ്ടാകാനും അളവിൽ വ്യത്യാസം വരാനും കാരണമെന്നും മഹേഷ് പണിക്കർ പറയുന്നു.