സ്പീക്കറുടെ പരാമർശം: സനീഷ്കുമാർ ജോസഫ് എംഎൽഎ സ്പീക്കർക്ക് കത്തു നൽകി
Wednesday, October 1, 2025 12:36 AM IST
തിരുവനന്തപുരം: സഭാനേതൃത്വത്തെ അപമാനിക്കുന്ന വിധത്തിൽ സ്പീക്കർ സഭയിൽ നടത്തിയ പരാമർശം പിൻവലിക്കണമെന്നും സഭാരേഖയിൽ നിന്നു നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എംഎൽഎ സ്പീക്കർ എ.എൻ. ഷംസീറിനു കത്തു നൽകി.
തിങ്കളാഴ്ച രാവിലെ മോൻസ് ജോസഫ് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് പരാതിക്കിടയാക്കിയ പരാമർശമുണ്ടായത്.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ എയ്ഡഡ് സ്കൂൾ അധ്യാപകർക്കു നിയമനാംഗീകാരം വൈകുന്ന വിഷയമാണ് മോൻസ് സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്.
ഈ വിഷയത്തിൽ വിവിധ ക്രൈസ്തവ സഭാ അധ്യക്ഷന്മാർ നടത്തിയ പ്രസ്താവനകൾ സഭയിൽ ഉദ്ധരിച്ചിരുന്നു. ഈ അവസരത്തിൽ സഭാനേതൃത്വത്തെ അറിയിക്കാനുള്ളതല്ല നിയമസഭ എന്നു സ്പീക്കർ പറഞ്ഞതാണ് വിവാദമായത്.
സ്പീക്കറുടെ പരാമർശം നിർഭാഗ്യകരവും ഖേദകരവുമാണെന്ന് സനീഷ്കുമാർ കത്തിൽ ചൂണ്ടിക്കാട്ടി. സഭാനേതൃത്വം മാത്രമല്ല, സമുദായ നേതാക്കളും വിവിധ സംഘടനാനേതാക്കളും അസംഘടിത സമൂഹവും ഉന്നയിക്കുന്ന ആശങ്കകൾ സഭയിൽ ഉന്നയിക്കുന്നതും ചർച്ച ചെയ്യുന്നതും പുതിയ കാര്യമല്ലെന്നും സനീഷ്കുമാർ കത്തിൽ ചൂണ്ടിക്കാട്ടി.