യോഗേഷ് ഗുപ്തയ്ക്ക് അഞ്ചു ദിവസത്തിനകം ക്ലിയറന്‍സ് നല്‍കണമെന്ന്
Wednesday, October 1, 2025 1:38 AM IST
കൊച്ചി: ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് അഞ്ച് ദിവസത്തിനകം വിജിലന്‍സ് ക്ലിയറന്‍സ് രേഖകള്‍ നല്കാന് ഉത്തരവ്. കേന്ദ്ര സര്‍വീസില്‍ നിയമനം ലഭിക്കുന്നതിനു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ ഡിജിപി യോഗേഷ് ഗുപ്ത നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
കേന്ദ്ര സര്‍വീസില്‍ സേവനം അനുഷ്ഠിക്കാനുള്ള തന്റെ അവസരം മനഃപൂര്‍വം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് കാട്ടിയാണ് യോഗേഷ് ട്രൈബ്യൂണലിനെ സമീപിച്ചത്.
കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനുള്ള വിജിലന്‍സിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിരുന്നില്ല. ഫയര്‍ഫോഴ്സ് മേധാവിയായ യോഗേഷ് ഗുപ്തയെ ഇതിനിടെ റോഡ് സുരക്ഷാ വിഭാഗം തലവനായി സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. സര്‍ക്കാരിനു പുറമേ ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് യോഗേഷ് ഗുപ്ത ഹര്‍ജി നല്‍കിയത്.
കേന്ദ്ര സര്‍വീസില്‍ ഡിജിപിയായി എംപാനല്‍ ചെയ്യുന്നതിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് നല്കാന് കത്തും ഇ-മെയിലും വഴി പലതവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ അതു പരിഗണിച്ചില്ലെന്നാണ് ആരോപണം.
കേന്ദ്ര ഡെപ്യൂട്ടേഷനുള്ള യോഗേഷിന്റെ അപേക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയും വിജിലന്‍സും നേരത്തേ തന്നെ ചീഫ് സെക്രട്ടറിക്ക് സ്ഥിതിവിവര റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിലെ തുടര്‍നടപടി വൈകുന്നത് തന്റെ കേന്ദ്രസര്‍വീസ് തടസപ്പെടുത്താനുള്ള ബോധപൂര്‍വമായ നീക്കമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
എന്നാല്‍ യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കേ കൈക്കൊണ്ട ചില തീരുമാനങ്ങളില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും ഇത് പൂര്‍ത്തിയാക്കാതെ, ക്ലിയറന്‍സ് നല്‍കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. തുടര്‍ന്ന് ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണല്‍ യോഗേഷിന്റെ ഹര്‍ജി അനുവദിച്ചത്.
2022ല്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നു കേരളത്തിലെത്തിയ യോഗേഷിന് ബിവ്റേജസ് കോര്പറേഷന് എംഡി ആയിട്ടായിരുന്നു ആദ്യ നിയമനം.