ബിഎസ്എൻഎൽ @ 25
Wednesday, October 1, 2025 12:35 AM IST
സിജോ പൈനാടത്ത്
കൊച്ചി: ‘ഇന്ത്യയെ കണക്ട് ചെയ്യുന്ന’ (കണക്ടിംഗ് ഭാരത്) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബിഎസ്എൻഎൽ) ഇന്ന് 25 വയസ്. കേന്ദ്ര സർക്കാരിന്റെ ടെലി കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിൽനിന്ന് (ഡിഒടി) അതിനു കീഴിൽ ബിഎസ്എൻഎൽ എന്ന പേരിലുള്ള കമ്പനി രൂപവത്കരിക്കപ്പെട്ടത് 2000 ഒക്ടോബർ ഒന്നിന്.
2002ൽ ബിഎസ്എൻൽ ജിഎസ്എം, ജിപിആർഎസ് സർവീസ് ആരംഭിച്ചു. 2005ൽ ബ്രോഡ്ബാൻഡ് സർവീസിലേക്കു കടന്നു. സെൽ വൺ എന്നതിൽനിന്നു ബിഎസ്എൻഎൽ മൊബൈൽ എന്ന ബ്രാൻഡിലേക്കു മാറിയത് 2007ൽ. പ്രീപെയ്ഡ് ഡേറ്റ സർവീസ് സിഡിഎംഎ ടെക്നോളജിയിൽ 2008 മുതൽ ലഭ്യമാക്കി.
ബിഎസ്എൻഎൽ ഉപയോക്താക്കൾക്കു 3ജി സർവീസ് ലഭ്യമായത് 2009ലാണ്. അതേവർഷം വയർലെസ് ബ്രോഡ്ബാൻഡ് സർവീസിനും (വൈമാക്സ്) തുടക്കമിട്ടു. തുടർന്നുള്ള വർഷങ്ങളിൽ ഫൈബർ ടു ദ് ഹോം, ബിഎസ്എൻഎൽ മൈ ആപ്, എൻജിഎൻ സ്വിച്ചിംഗ് ടെക്നോളജി, ഭാരത് ഫൈബർ എന്നീ പദ്ധതികളും തുടങ്ങി. ബിഎസ്എൻഎൽ റോമിംഗിന് ഇൻകമിംഗ് ചാർജ് അവസാനിപ്പിച്ചത് 2015ലാണ്.
ടെലികോം ഡിപ്പാർട്ട്മെന്റായിരുന്നപ്പോഴുള്ള ജീവനക്കാരുടെ എണ്ണത്തിൽ പിന്നീടു വലിയ കുറവുണ്ടായി. ആകെയുണ്ടായിരുന്ന 153786 ജീവനക്കാരിൽ 78,569 പേർ 2020 ൽ സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് ബിഎസ്എൻലിന്റെ പടിയിറങ്ങി.
ബിഎസ്എൻഎലിനെ ശക്തിപ്പെടുത്താൻ കേന്ദ്രം മൂന്നു തവണയായി രക്ഷാ പാക്കേജുകൾ പ്രഖ്യാപിച്ചു. മൂന്നാം രക്ഷാ പാക്കേജിലൂടെ 89,047 കോടിയാണ് കഴിഞ്ഞ വർഷം അനുവദിച്ചത്.
തദ്ദേശീയമായി വികസിപ്പിച്ച (സ്വദേശി) 4 ജി കഴിഞ്ഞ ദിവസം അവതരിപ്പിച്ചു ബിഎസ്എൻഎൽ പുതിയ ചുവടുവച്ചിട്ടുണ്ട്. വൈകാതെ 5ജിയും എത്തുന്നതോടെ ഇടക്കാലത്ത് ചോർന്ന ഊർജം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
അന്ന് 8000 പേർ; ഇന്ന് 75.32 ലക്ഷം
1947ൽ രാജ്യത്ത് ഉണ്ടായിരുന്നത് 8,000 ടെലിഫോൺ ഉപയോക്താക്കളാണ്. ഇന്നത് 75.32 ലക്ഷം. കേരളത്തിൽ എട്ടു ലക്ഷം ലാൻഡ് ലൈൻ കണക്ഷനുണ്ട്.
രാജ്യത്താകെ ബിഎസ്എൻഎൽ മൊബൈൽ ഉപയോക്താക്കൾ 9.01 കോടിയാണ്. ഇതിൽ ഒരു കോടിയും കേരളത്തിലാണെന്നു ബിഎസ്എൻഎൽ എറണാകുളം ബിസിനസ് ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് പറഞ്ഞു.