ഫാ. മാത്യു വട്ടത്തറ അന്തരിച്ചു
Wednesday, October 1, 2025 12:35 AM IST
കൊച്ചി: സിഎംഐ കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യലും കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസ് ഡയറക്ടറുമായ ഫാ. മാത്യു വട്ടത്തറ (74) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു 2.30 നു കളമശേരി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ.
ഞാറയ്ക്കൽ നായരമ്പലത്തു 1950 ൽ ജനിച്ച ഫാ. മാത്യു 1980ൽ പൗരോഹിത്യം സ്വീകരിച്ചു. ബെൽജിയം ലുവെയ്ൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
കളമശേരി രാജഗിരി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, കാക്കനാട് രാജഗിരി എൻജിനീയറിംഗ് കോളജ് ഡയറക്ടർ, ബംഗളൂരു ധർമാരാം കോളജ് പ്രഫസർ, ദുബായ് രാജഗിരി സ്കൂൾ ഡയറക്ടർ, പ്രൊവിൻസിന്റെ സാമൂഹിക വകുപ്പ് കൗൺസിലർ, വികർ പ്രൊവിൻഷ്യൽ, പ്രൊവിൻഷ്യൽ സുപ്പീരിയർ എന്നീ നിലകളിൽ സേവനം ചെയ്തു.
നായരമ്പലം വട്ടത്തറ പരേതരായ കുര്യൈപ്പും മറിയാമ്മയുമാണു മാതാപിതാക്കൾ. സഹോദരങ്ങൾ: ഡെയ്സി, സണ്ണി, ചെറിയാൻ, മേരി, സിസ്റ്റർ എലിസബത്ത്, സിസ്റ്റർ ആൻസി (ഇരുവരും എസ്എബിഎസ്), ആന്റണി, ലീന, റോസി, ജെയിംസ്.
മൃതദേഹം നാളെ രാവിലെ ഏഴു മുതൽ കളമശേരി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും.