മദ്യവിൽപനയിൽ കുറവുണ്ടായി: മന്ത്രി എം.ബി.രാജേഷ്
Wednesday, October 1, 2025 12:36 AM IST
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യത്തിനെതിരായ വിമുക്തി മിഷൻ പദ്ധതി നിലവിൽ വന്ന ശേഷം മദ്യവിൽപനയിൽ കുറവുണ്ടായിട്ടുണ്ടെന്നു മന്ത്രി എം. ബി. രാജേഷ്. 2011- 12-ൽ 339.6 ലക്ഷം കെയ്സ് മദ്യം വിറ്റപ്പോൾ 2024- 25 ൽ 330.7 ലക്ഷം കെയ്സ് മദ്യം മാത്രമാണു വിറ്റത്.
2011- 12 മുതൽ ഈ വർഷം വരെയുള്ള 15 വർഷത്തെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ മദ്യവിൽപന 2015 - 16 ലാണ്. 355.95 ലക്ഷം കെയ്സ് മദ്യമാണു വിറ്റത്. അതാണ് 330.7 ലക്ഷം കേസ് ആയി കുറഞ്ഞത്. 25.73 ലക്ഷം കെയ്സിന്റെ കുറവാണിതെന്നും മന്ത്രി പറഞ്ഞു.
വിമുക്തി മിഷന്റെ ഭാഗമായുള്ള ഡീ അഡിക്ഷൻ സെന്ററുകൾ വഴി 2025 ഓഗസ്റ്റ് വരെ 1.52 ലക്ഷം പേർക്ക് ഒപിയിലും 12,114 പേർക്ക് ഐപിയിലും ചികിത്സ നൽകി. വിമുക്തി മിഷനു കീഴിൽ മൂന്നു മേഖലാ കൗണ്‍സിലുകളിലായി ഇതുവരെ 25,010 പേർക്കു കൗണ്‍സിലിംഗ് നൽകി. എറണാകുളത്ത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഡീ അഡിക്ഷൻ സെന്റർ ആരംഭിക്കും.
മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും സ്വാധീനത്തിൽ കുട്ടികൾ അകപ്പെടാതിരിക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ചു സ്പോർട്സ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ ടീം വിമുക്തി എന്ന പേരിൽ 1000 ടീമുകൾ പ്രവർത്തിക്കുന്നുണ്ട്.
ഈവർഷം 500 സ്കൂളുകളിൽ കൂടി ഇത്തരം ടീമുകൾ രൂപീകരിക്കും. ഇതിനായി 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മയക്കുമരുന്നു മാഫിയയെ ഉരുക്കുമുഷ്ടി കൊണ്ടു നേരിടുന്നതാണു സർക്കാരിന്റെ നയം. മദ്യവർജനമാണു സർക്കാർ നയം.
സംസ്ഥാനത്ത് 309 ബെവ്കോ ഔട്ട് ലെറ്റുകളാണുള്ളത്. എന്നാൽ തമിഴ്നാട്ടിൽ മദ്യശാലകൾ ഇതിന്റെ 10 ഇരട്ടിയും കർണാടകയിൽ 15 ഇരട്ടിയുമാണെന്നും മന്ത്രി പറഞ്ഞു.