‘ഓപ്പറേഷൻ വനരക്ഷ ’ ; രണ്ട് റേഞ്ച് ഓഫീസർമാർക്കു സസ്പെൻഷൻ
Wednesday, October 1, 2025 1:38 AM IST
തിരുവനന്തപുരം: ‘ഓപ്പറേഷൻ വനരക്ഷ ’ എന്നപേരിൽ വിജിലൻസ് വനം ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ കരാറുകാരിൽ നിന്ന് വൻതുക കൈപ്പറ്റിയതായി കണ്ടെത്തിയ രണ്ട് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഇ. സിബി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുണ്‍ കെ. നായർ എന്നിവരെയാണ് അന്വേഷണവിധേയമായി വനം മേധാവി സസ്പെൻഡ് ചെയ്തത്.
വിവിധ നിർമാണ പ്രവൃത്തികൾക്കായി കരാർ ഏറ്റെടുത്ത കരാറുകാരിൽനിന്ന് വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുണ്‍ കെ. നായർ തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് 2025 ജൂണ്‍ മുതൽ സെപ്റ്റംബർ വരെ 72.80 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി.
കൂടാതെ അരുണിന്റെ നിർദേശപ്രകാരം 1,36,500 രൂപ ഇടപ്പള്ളിയിലെ ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നൽകിയതായും കണ്ടെത്തിയിരുന്നു. തേക്കടി റേഞ്ച് ഓഫീസിൽ നടത്തിയ പരിശോധനയിൽ റേഞ്ച് ഓഫീസർ കെ.ഇ. സിബിയുടെ വാടസ് ആപ് പരിശോധിച്ചതിൽ ഇതേ കരാറുകാരൻ തന്നെ റേഞ്ച് ഓഫീസർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ 31.08 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി.
കൂടാതെ മറ്റു രണ്ട് കരാറുകാരിൽ നിന്ന് നേരിട്ടും ഇടനിലക്കാർ വഴിയും യുപിഐ മുഖേനെയും 1.95 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി. കോട്ടയം ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ (വൈൽഡ് ലൈഫ്) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വനം മേധാവി നടപടി സ്വീകരിച്ചത്.
ഇരുവരും നടത്തിയ സാന്പത്തിക ഇടപാടുകൾ നിലവിലെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണെന്നും ഗുരുതര കൃത്യവിലോപമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സർക്കാരിനും വനംവകുപ്പിനും വലിയ അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ 71 ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലെ കഴിഞ്ഞ അഞ്ചുവർഷത്തെ ഫയലുകളാണ് വിജിലൻസ് പരിശോധിച്ചത്. വിവിധ ആവശ്യങ്ങൾക്ക് നിർമിക്കുന്ന കെട്ടിടങ്ങൾ, മൃഗങ്ങൾക്ക് വെള്ളം കുടിക്കാനായി കാടിനുള്ളിൽ നിർമിക്കുന്ന കുളങ്ങൾ, വനം വകുപ്പിന് കീഴിലെ റോഡുകളുടെ ടാറിംഗ്, റീ- ടാറിംഗ് തുടങ്ങിയവയിലെല്ലാം ഉദ്യോഗസ്ഥർ കരാറുകാരുമായി ചേർന്ന് അഴിമതി നടത്തുന്നതായും നിർമാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചചെയ്ത് പണം തട്ടുന്നതായും കണ്ടെത്തിയിരുന്നു.