രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; ബിജെപി നേതാവിനെ സർക്കാർ സംരക്ഷിക്കുന്നു: വി.ഡി. സതീശൻ
Wednesday, October 1, 2025 1:38 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നവരെ പോലും അറസ്റ്റ് ചെയ്യുന്ന സർക്കാരാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട പായിക്കുമെന്നു പറഞ്ഞ ബിജെപി നേതാവിനെ സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വിഷയം നിസാരമെന്ന മട്ടിലാണ് സ്പീക്കർ സർക്കാരിനു വേണ്ടി അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതിരുന്നത്. പരാതി നൽകിയിട്ടും തിങ്കളാഴ്ച വൈകുന്നേരം മാത്രമാണ് പേരിന് ഒരു എഫ്ഐആർ ഇട്ടത്. നിയമസഭയ്ക്കു പുറത്തു പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിജെപി-സിപിഎം അവിശുദ്ധ ബാന്ധവത്തിന്റെ തെളിവാണിത്. സംസ്ഥാന വ്യാപകമായി കോണ്ഗ്രസ് നടത്തിയ പ്രക്ഷോഭം യുഡിഎഫും ഏറ്റെടുക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.