വേരുചീയല്‍ വ്യാപകം; നാളികേര കര്‍ഷകര്‍ ദുരിതത്തിൽ
Wednesday, October 1, 2025 12:35 AM IST
കോട്ടയം: കായ്ഫലമുള്ള തെങ്ങുകളില്‍ വേരുചീയല്‍ രോഗം വ്യാപകമായതോടെ നാളികേര കര്‍ഷകര്‍ ദുരിതത്തിലായി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രോഗം ബാധിച്ചു മികച്ച കായ്ഫലമുള്ള തെങ്ങുകള്‍ ചുവടെ മറിഞ്ഞുവീഴുന്ന സംഭവങ്ങള്‍ നിരവധിയാണ്. ചെല്ലിശല്യം മൂലവും തെങ്ങുകള്‍ മറിഞ്ഞുവീഴാറുണ്ട്.
കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് രാസവളക്ഷാമം രൂക്ഷമായതിനാൽ ചാണകത്തിന് ആവശ്യക്കാരേറിയതോടെ കിട്ടാനില്ലാത്ത അവസ്ഥയായി. ഇതോടെ കര്‍ഷകര്‍ കൂടുതലായും ഉപയോഗിക്കുന്നത് കോഴിവളമാണ്.
പച്ചക്കറി, വാഴ തുടങ്ങിയവയ്ക്ക് ഇതു ഗുണകരമാണെങ്കിലും ദീര്ഘവിളകള്ക്ക് സംസ്കരിക്കാത്ത കോഴിവളം കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമല്ല.
രാജ്ഫോസ്, മഗ്നീഷ്യം, യൂറിയ, പൊട്ടാഷ് ഇവയുടെ ലഭ്യതക്കുറവിലും നാളികേരത്തിന് വിപണിയില്‍ ഉണ്ടായ ഉണര്‍വ് തെങ്ങുകള്‍ക്കു വളം ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. കുള്ളന്‍ തെങ്ങുകളിലാണ് വേരുചീയല്‍ രോഗം കൂടുതലായി കണ്ടുവരുന്നത്.
കര്‍ഷകര്‍ക്ക് കൃത്യമായ സമയങ്ങളില്‍ വളപ്രയോഗം നടത്താന്‍ ആവശ്യമായ വളങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതില്‍ കൃഷി വകുപ്പിനുണ്ടായ വീഴ്ചയാണ് ഇതിനെല്ലാം കാരണമെന്നു നാളികേര കര്‍ഷകനും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എബി ഐപ്പ് പറഞ്ഞു.