6,40,786 മുൻഗണനാ റേഷൻകാർഡുകൾ നൽകി: മന്ത്രി ജി.ആർ.അനിൽ
Wednesday, October 1, 2025 12:36 AM IST
തിരുവനന്തപുരം: കഴിഞ്ഞ നാലുവർഷത്തിനിടെ പുതിയതായി അനുവദിച്ചതും തരംമാറ്റിയതുമുൾപ്പെടെ 6,40,786 മുൻഗണനാ റേഷൻ കാർഡുകൾ അർഹതപ്പെട്ടവർക്ക് അനുവദിച്ചെന്നു മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു.
കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്കു തരം മാറ്റുന്നതിന് ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഈ മാസം 20 മുതൽ അവസരം നൽകിയിട്ടുണ്ട്. മുഴുവൻ അപേക്ഷകളും പരിശോധനയ്ക്കു വിധേയമാക്കി അർഹരായവർക്കു കാർഡുകൾ നൽകിയിട്ടുണ്ട്.
മുൻഗണനാ കാർഡിനു കേന്ദ്രസർക്കാർ നിശ്ചയിച്ച പരിധി 1,54,80,040 ആണെങ്കിലും സംസ്ഥാന സർക്കാറിന്റെ ഫലപ്രദമായ ഇടപെടലിലൂടെ അർഹരായ മുഴുവൻ കുടുംബങ്ങളെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തു കഴിഞ്ഞ വർഷം കർഷകരിൽ നിന്നു നെല്ലു ശേഖരിച്ചതുമായി ബന്ധപ്പെട്ടു മുഴുവൻ പണവും വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു. ഒന്നാം വിളയിൽ 412.40 കോടി രൂപയുടെയും രണ്ടാംവിളയിൽ 1232.66 കോടി രൂപയുടെയും ഉൾപ്പെടെ 1645.07 കോടി രൂപയുടെ നെല്ലാണു കഴിഞ്ഞ വർഷം ശേഖരിച്ചിരുന്നത്. ഇതിൽ 1575 കോടി രൂപ നേരത്തേ വിതരണം ചെയ്തിരുന്നു. ശേഷിക്കുന്ന 70 കോടി രൂപ കർഷകർക്കു പിആർഎസ് സംവിധാനം വഴി നൽകാൻ ബാങ്കുകൾക്കു കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.