ചൂരൽമല പുനരധിവാസം ജനുവരിയിൽ പൂർത്തിയാകും: പിണറായി വിജയൻ
Wednesday, October 1, 2025 12:36 AM IST
തിരുവനന്തപുരം : ചൂരൽമല-മുണ്ടക്കൈ പുനരധിവാസം ജനുവരിയിൽ പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് 2221 കോടിയുടെ സഹായം ആവശ്യപ്പെട്ടു കേന്ദ്രത്തിനു നിവേദനം നൽകിയിരുന്നു.
എന്നാൽ, 265 കോടി തരാമെന്നാണു കേന്ദ്രം അറിയിച്ചത്. പക്ഷേ ആ തുകയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിർമിക്കുന്നതിനായി എൽസ്റ്റോണ്‍ എസ്റ്റേറ്റിൽ നിന്ന് 64.4705 ഹെക്ടർ ഏറ്റെടുത്തു നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
മൂന്നു ഘട്ടങ്ങളായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി 402 ഗുണഭോക്താക്കളുടെ പുനരധിവാസ ലിസ്റ്റ് തയാറാക്കി. അപ്പീൽ അപേക്ഷകൾ കൂടി പരിഗണിച്ച് 49 പേരെ കൂടി ഉൾപ്പെടുത്തി. 295 ഗുണഭോക്താക്കൾ വീടിനു സമ്മതപത്രം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.