ഐഎഎസ്, ഐപിഎസ് തലങ്ങളിലെ തീരുമാനം; സർക്കാരിനു വീണ്ടും തിരിച്ചടി
Wednesday, October 1, 2025 1:38 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: അടുത്തിടെയായി ഐഎഎസ്, ഐപിഎസ് തലങ്ങളിൽ സർക്കാർ എടുക്കുന്ന തീരുമാനങ്ങൾക്ക് കനത്ത തിരിച്ചടിയാണ് നിയമസംവിധാനങ്ങളിൽ നിന്നുണ്ടാകുന്നത്.
ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി. അശോകിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട സർക്കാരിന്റെ മൂന്ന് ഉത്തരവുകൾ തുടർച്ചയായി റദ്ദാക്കേണ്ട സാഹചര്യത്തിനു പിന്നാലെ ഇപ്പോൾ ഐപിഎസ് അസോസിയേഷൻ പ്രസിഡന്റായ യോഗേഷ് ഗുപ്തയുടെ കാര്യത്തിൽ സംഭവിച്ചതു സർക്കാരിനു കനത്ത പ്രഹരമായി.
നയങ്ങളിൽനിന്നു വ്യതിചലിച്ച് ഉന്നത ഉദ്യോഗസ്ഥർക്കെതിരേ സർക്കാർ എടുക്കുന്ന തീരുമാനങ്ങളിൽ തുടർച്ചയായി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്നു തുടർച്ചയായി തിരിച്ചടി നേരിടുന്നു. സംസ്ഥാനത്തെ മുതിർന്ന ഡിജിപിമാരിൽ ഒരാളായ യോഗേഷ് ഗുപ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തലവനാകുന്നതു തടയാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമത്തിനാണ് സിഎടിയിൽനിന്ന് ഇന്നലെ തിരിച്ചടി നേരിട്ടത്.
കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാനുള്ള വിജിലൻസ് ക്ലിയറൻസ് യോഗേഷ് ഗുപ്തയ്ക്ക് അഞ്ചു ദിവസത്തിനകം നൽകാനാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ ഇടപെട്ടാണ് യോഗേഷിന്റെ വിജിലൻസ് ക്ലിയറൻസ് തടഞ്ഞതെന്നായിരുന്നു ആരോപണം. വിജിലൻസ് മേധാവിയായിരിക്കേ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിരവധി തട്ടിപ്പുകളുമായി ബന്ധപ്പെട്ട രേഖകൾ യോഗേഷ് ഗുപ്തയുടെ കൈയിലെത്തിയത് സർക്കാരിനെ അലോസരപ്പെടുത്തിയിരുന്നു.
ആദ്യഘട്ടത്തിൽ യോഗേഷ് ഗുപ്തയ്ക്ക് സംസ്ഥാന പോലീസ് മേധാവിയാകാൻ അവസരം നൽകിയില്ല. ഇതിനു മുൻപു നൽകിയ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള വിജിലൻസ് ക്ലിയറൻസ് അപേക്ഷയും നിരാകരിച്ചു. മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് യോഗേഷിന് നീതി ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്.
മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലിൽ സംസ്ഥാനത്തെ ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാതിക്കാരനാകുന്നതും ആദ്യമായിരുന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ അപേക്ഷയും യോഗേഷിനെ തുണച്ചില്ല. വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല. തുടർന്നാണ് നിയമപോരാട്ടത്തിലേക്കു തിരിഞ്ഞത്.
വിധി അനുകൂലമായതോടെ ഇഡിയുടെയോ കേന്ദ്ര ഏജൻസികളുടെയോ തലപ്പത്ത് യോഗേഷ് ഗുപ്തയ്ക്ക് ഇനി എത്താനാകും. നേരത്തേ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലുള്ള ബി. അശോകിനെ സെക്രട്ടേറിയറ്റിൽനിന്നു മാറ്റാനായി നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
ആദ്യം തദ്ദേശ സ്ഥാപന കമ്മീഷനായി മാറ്റി നിയമിച്ചു. സിഎടി ഇതു റദ്ദാക്കി. പിന്നീട് ജൂണിയർ പദവിയിലുള്ള കെടിഡിഎഫ്സി സിഎംഡിയായി മാറ്റി നിയമിച്ചുള്ള ഉത്തരവും നിയമത്തിന്റെ വഴിയിൽ റദ്ദാക്കി. ഒടുവിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലേക്കു മാറ്റി നിയമിക്കാനുള്ള നീക്കവും വിജയം കണ്ടില്ല.