ഐടി കുതിപ്പിന് കൊച്ചി; വരുന്നൂ, സംസ്ഥാനത്തെ ആദ്യ എഐ ടൗണ്‍ഷിപ്പ്
Tuesday, September 30, 2025 11:42 PM IST
കൊച്ചി: ഐടി ഭൂപടത്തില്‍ കൊച്ചിയെ രാജകീയമായി പ്രതിഷ്ഠിക്കാന്‍ പോകുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കായ ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം.
ആധുനിക നഗരത്തിന് വേണ്ടതായ എല്ലാവിധ സൗകര്യങ്ങളോടെ ഐഎ ടൗണ്‍ഷിപ്പ് എന്ന ആശയത്തില്‍ വിഭാവനം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ ഐടി പാര്‍ക്ക് കൂടിയാണിത്. നിയമത്തിന്റെയും ചട്ടത്തിന്റെയും സാധുതയോടെ സംസ്ഥാനത്ത് ആദ്യമായി ലാന്‍ഡ് പൂളിംഗ് പ്രക്രിയയിലൂടെ സ്ഥലമേറ്റെടുക്കുന്നു എന്ന സവിശേഷതയും പദ്ധതിക്കുണ്ട്.
നിലവിലുള്ള ഇന്ഫോപാര്ക്കിനു കിഴക്കു ഭാഗത്തായി 300 ഏക്കര്‍ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഐടി ടവറുകള്‍ക്ക് പുറമേ, റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ സോണുകള്‍, സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍, കണ്വന്ഷന് സെന്റര്‍, ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി, അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം, മ്യൂസിയം, ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍, മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സമുച്ചയങ്ങള്‍, സാംസ്കാരിക ഇടം, അര്‍ബന്‍ ഫാമിംഗ് സോണ്‍, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടാകും. ഇവയെ എല്ലാം എഐ സംവിധാനത്തില്‍ ഏകോപിപ്പിക്കും.
15 മില്യന്‍ ചതുരശ്രയടിയിലാണ് മൂന്നാംഘട്ടം. ഇന്‍ഫോപാര്‍ക്ക് ഒന്ന്, രണ്ട് ഫേസുകള്ക്കുംകൂടി ആകെയുള്ളത് ഒന്‍പത് മില്യന്‍ ചതുരശ്രയടി കെട്ടിട പരിധിയാണ്. അതിലും ആറ് മില്യന്‍ ചതുരശ്രയടി കൂടുതലുണ്ട് മൂന്നാംഘട്ടത്തിന്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ ഐടി ടൗണ്‍ഷിപ്പാകും ഇത്.
കിഴക്കമ്പലം, കുന്നത്തുനാട് വില്ലേജുകളിലായി 300 ഏക്കര്‍ സ്ഥലമാണു പദ്ധതിക്കായി ലാന്‍ഡ് പൂളിംഗിലൂടെ കണ്ടെത്തേണ്ടത്. ജിസിഡിഎയ്ക്കാണ് ഇതിന്റെ ചുമതല. ലാന്‍ഡ് പൂളിംഗിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള ചെലവ് പദ്ധതിയുടെ ഉടമസ്ഥരായ ഇന്‍ഫോപാര്‍ക്ക് ജിസിഡിഎയ്ക്ക് നല്‍കണം. ഒപ്പം ഫേസ് ത്രീയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഇന്‍ഫോപാര്‍ക്കിന്റെ ചുമതലയാണ്. 25,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിവഴി രണ്ട് ലക്ഷം പേര്‍ക്ക് നേരിട്ടും നാല് ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.
ലാൻഡ് പൂളിംഗ് എന്നാൽ..
പരമ്പരാഗത ഭൂമി ഏറ്റെടുക്കല്‍ രീതികളിലെ കാലതാമസവും നിയമപ്രശ്നങ്ങളും ഒഴിവാക്കി വികസന പദ്ധതികള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ സമീപനമാണു ലാന്‍ഡ് പൂളിംഗ്.
ഭൂമി ഏറ്റെടുക്കുന്നതിനു പകരം ഉടമകളുടെ സമ്മതത്തോടെ അവരുടെ ചെറിയ ഭൂമികള്‍ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കി മാറ്റുന്നു. ഈ ഭൂമിയില്‍ റോഡുകള്‍, ഐടി പാര്‍ക്കുകള്‍, മറ്റ് പൊതു സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ആസൂത്രിതമായ വികസനം നടത്തുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഉപയോഗിച്ച ശേഷമുള്ള ഭൂമി ഭൂവുടമകള്‍ക്കു തിരികെ നല്‍കുന്നതാണ് ലാന്‍ഡ് പൂളിംഗിലെ രീതി. വികസിപ്പിച്ച ഭൂമിയുടെ മൂല്യം പല മടങ്ങ് വര്‍ധിക്കുന്നു എന്നതാണ് ഇതിലെ നേട്ടം.
വരുന്നത് കണ്ണഞ്ചിപ്പിക്കുന്ന ആധുനിക സൗകര്യങ്ങള്‍: സുശാന്ത് കുറുന്തില്‍
കൊച്ചി: എഐ ടൗണ്‍ഷിപ്പ് എന്ന ആശയത്തിലൂടെ ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീയില്‍ വരുന്നത് കണ്ണഞ്ചിപ്പിക്കുന്ന ആധുനിക സൗകര്യങ്ങളാണെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍.
എല്ലാ നഗര പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ഒരു കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം എന്നതാണ് എഐ ടൗണ്‍ഷിപ്പ് എന്ന ആശയം ലക്ഷ്യം വയ്ക്കുന്നത്. പദ്ധതി പ്രദേശത്ത് വരുന്ന റെസിഡന്‍ഷ്യല്‍, വാണിജ്യ റീട്ടെയില്‍, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ എല്ലാ മേഖലകളിലും എഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.