റബര്‍ വിലയിടിവില്‍ ആശങ്ക; വിദേശത്തും താഴ്ച
Monday, September 29, 2025 11:43 PM IST
റെജി ജോസഫ്
കോട്ടയം: മഴ ശക്തമായി ഉത്പാദനം കുറഞ്ഞിട്ടും റബര്‍ വില ഉയരുന്നില്ല. സംസ്കരണ ചെലവു താങ്ങാനാവാതെ ഏറെ കര്‍ഷകരും ഷീറ്റ് തയാറാക്കുന്നില്ല. 60 ശതമാനം കര്‍ഷകരും ലാറ്റക്സായും കപ്പ് ലംബാ (റബര്‍ ചണ്ടി)യും വിറ്റഴിക്കാന്‍ താല്പര്യപ്പെടുന്നു. ചിലയിടങ്ങളില്‍ അതാത് ദിവസം കപ്പ് ലംബ് ആര്‍പിഎസുകള്‍ മുഖേന നേരിട്ടു സംഭരിക്കുന്നുണ്ട്.
റബര്‍ കടകളില്‍ ഷീറ്റ് നാമമാത്രമായി മാത്രം ലഭിച്ചിട്ടും ആര്‍എസ്എസ് നാല് ഗ്രേഡിന് ഇന്നലെ 188.50 രൂപയും ഗ്രേഡ് അഞ്ചിന് 184.50 രൂപയുമാണ് നിരക്ക്. ഡീലര്‍മാര്‍ റബര്‍ ബോര്‍ഡ് പ്രഖ്യാപിത വിലയേക്കാള്‍ കിലോയ്ക്ക് മൂന്നു രൂപ താഴ്ത്തിയാണ് കര്‍ഷകരില്‍നിന്ന് ചരക്ക് വാങ്ങുന്നത്. ഇക്കൊല്ലം ജൂലൈ 22ന് കോട്ടയം മാര്‍ക്കറ്റ് വില കിലോയ്ക്ക് 215 രൂപ വരെ ഉയര്‍ന്നിരുന്നു. 70 ദിവസത്തിനിടെ ഷീറ്റ് കിലോയ്ക്ക് 27 രൂപയുടെ താഴ്ചയാണുണ്ടായിരിക്കുന്നത്.
അഞ്ചു ശതമാനം മാത്രം തീരുവ അടച്ചും തീരുവ അടയ്ക്കാതെയും പ്രതിമാസം ഇരുപതിനായിരം ടണ്‍ വീതം കോമ്പൗണ്ട് റബര്‍ ടയര്‍ കമ്പനികള്‍ ഇറക്കുമതി തുടരുന്നതാണ് ഷീറ്റ് വില ഇത്രയേറെ ഇടിയാന്‍ പ്രധാന കാരണം.
ആഭ്യന്തര വില വിദേശവിലയേക്കാള് അഞ്ചു രൂപ കൂടി നില്ക്കുന്ന സാഹചര്യത്തില്‍ ക്രംബ് ഇറക്കുമതി തോത് കൂട്ടാനുള്ള നീക്കത്തിലാണ് വ്യവസായികള്‍. മഴയും വിലയിടിവും കാരണം നിരവധി കര്‍ഷകര്‍ ഒരു മാസമായി ടാപ്പിംഗ് നടത്തുന്നില്ല. ചെറുകിട എസ്റ്റേറ്റുകള്‍ പലതും അടഞ്ഞുകിടക്കുന്നു.
കടകളില്‍ ഒട്ടുപാല്, കപ് ലംബ് വരവില്‍ വലിയ വര്‍ധനവുണ്ടായതോടെ വില കിലോയ്ക്ക് 110-112 രൂപയിലെത്തി. രണ്ടു മാസം മുന്‍പ് ഒട്ടുപാല് വില 135 രൂപ വരെ ഉയര്‍ന്നിരുന്നു. വലിയ തോതില്‍ ചരക്ക് കെട്ടിക്കിടക്കുന്നതിനാല്‍ ക്രംബ് ഫാക്ടറികള്‍ ഒരാഴ്ചയായി മാര്‍ക്കറ്റില്‍നിന്ന് ചരക്ക് വാങ്ങാന്‍ താല്പര്യപ്പെടുന്നില്ല.
ലാറ്റക്സ് വിലയില്‍ രണ്ടാഴ്ചയായി മാന്ദ്യം തുടരുകയാണ്. അമേരിക്കയുടെ തീരുവ പ്രഹരത്തിനൊപ്പം ചൈന വിപണിയില്‍നിന്ന് റബര്‍ വാങ്ങുന്നതിന്റെ അളവു കുറച്ചതും വിലയിടിവിന് മറ്റ് കാരണങ്ങളാണ്. ജിഎസ്ടി നിരക്കില്‍ കുറവു വരുത്തിയ ശേഷം ടയര്‍, വാഹന വില്പനയില് വലിയ വര്‍ധവുണ്ട്. ടയര്‍ നിര്‍മാണത്തില്‍ 12 ശതമാനം വര്‍ധനവാണ് അടുത്ത മാസം പ്രതീക്ഷിക്കുന്നത്.
ടയര്‍ വില താഴ്ന്നെങ്കിലും വില്‍പ്പന കൂടിയതോടെ ടയര്‍ കമ്പനികളുടെ ലാഭത്തില്‍ കുറവൊന്നുമില്ല. ഒക്ടോബർ ആദ്യവാരം വരെ മഴ ശക്തമായി തുടരുമെന്നിരിക്കേ റബര്‍ മേഖലയില്‍ വലിയ പ്രതിസന്ധിയാണുള്ളത്. കര്‍ഷകര്‍ ഒന്നാകെ ടാപ്പിംഗ് നിറുത്തിവച്ച് ചരക്കിന് ക്ഷാമം ഉണ്ടാക്കിയാല്‍ വ്യവസായികള്‍ വില കൂട്ടാന്‍ നിര്‍ബന്ധിതരാകുമെന്നാണ് കര്‍ഷക സംഘടനകളുടെ അനുമാനം.