പവന് 85,000 കടന്ന് സ്വർണവില
Monday, September 29, 2025 11:43 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്നലെ രണ്ടു തവണയാണ് വില വർധിച്ചത്.
രാവിലെ സ്വർണവില നിശ്ചയിക്കുമ്പോൾ ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ച് യഥാക്രമം ഗ്രാമിന് 10,670 രൂപയും പവന് 85,360 രൂപയുമായി സർവകാല റിക്കാർഡിൽ എത്തിയിരുന്നു. ഉച്ചയ്ക്കുശേഷം വില വീണ്ടും വർധിച്ച് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമായി. ഇതോടെ സ്വർണവില പവന് 85720 രൂപയായി.
18,14, 9 കാരറ്റ് ആഭരണങ്ങൾക്കും അനുപാതികമായ വില വർധന ഉണ്ടായിട്ടുണ്ട്. വെള്ളിവിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. 150 രൂപയിലേക്ക് ഗ്രാമിന് വില എത്തി.
24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപ കടന്നു.ഒരു പവൻ സ്വർണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 93,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.
ഇന്നലെ രാവിലെ സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 3798 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.69ഉം ആയിരുന്നു. രാവിലെ 10 ന് ശേഷം അന്താരാഷ്ട്ര വില 3800 ഡോളർ മറികടന്നു. ഉച്ചയ്ക്ക് രണ്ടിനു ശേഷം 3819 ഡോളറിലേക്ക് എത്തിയതിനെ തുടർന്നാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. രൂപയുടെ വിനിമയ നിരക്ക് വീണ്ടും 88.72 ലേക്ക് എത്തി.
സ്വർണവിലയിൽ വലിയ കുതിപ്പ് രേഖപ്പെടുത്തുമെന്നുള്ള സൂചനകളാണ് പുറത്തു വരുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.