യുഎസിൽ ഇന്ന് കൂട്ടരാജി
Monday, September 29, 2025 11:43 PM IST
വാഷിംഗ്ടൺ ഡിസി: യുഎസിന്റെ സർക്കാർ സർവീസ് ഇന്ന് സാക്ഷ്യംവഹിക്കുന്നത് ഉദ്യോഗസ്ഥരുടെ കൂട്ടരാജിക്ക്.
യുഎസ് ഫെഡറൽ സർവീസിൽ വിവിധ വകുപ്പു കളിൽനിന്ന് ഇന്ന് ഒരു ലക്ഷം പേർ ഔദ്യോഗികമായി ജോലി രാജിവച്ച് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന സ്വയം വിരമിക്കൽ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും പേർ ജോലി മതിയാക്കുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയും പേർ ഫെഡറൽ സർവീസിൽ നിന്ന് രാജിവയ്ക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ഡിഫേർഡ് റെസിഗ്നേഷൻ പദ്ധതിയിൽ ആകെ രാജിവയ്ക്കുന്നത് 2.75 ലക്ഷം പേരാണ്. ഇവരെ തുടക്കത്തിൽ 8 മാസത്തെ ലീവിലേക്കാണ് പറഞ്ഞുവിടുക. ഈ 8 മാസവും ശന്പളവും മറ്റ് ആനുകൂല്യവും ലഭിക്കും.
വിരമിക്കൽ ആനുകൂല്യമായി മൊത്തം 14.8 ബില്യൻ ഡോളറിന്റെ (1.30 ലക്ഷം കോടി രൂപ) ഭീമമായ ചെലവ് ട്രംപ് ഭരണകൂടത്തിനുണ്ടാകും. എന്നാൽ, ഇത്രയും പേർ രാജിവയ്ക്കുന്നതു വഴി പ്രതിവർഷം 28 ബില്യൻ ഡോളർ (2.5 ലക്ഷം കോടി രൂപ) ഗവണ്മെന്റിന് ലാഭിക്കാനാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
രണ്ടാം ലോകമഹായുദ്ധാനന്തരം ഫെഡറൽ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് കുറച്ചിരുന്നു. 1945-46 വർഷമായിരുന്നു ഇത്. 1990ൽ ബിൽ ക്ലിന്റണ് ഭരണകൂടവും ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവ് വരുത്തിയിരുന്നു. അന്ന് 2.5 ലക്ഷം പേർക്കാണ് ജോലിയിൽനിന്ന് പടിയിറങ്ങേണ്ടി വന്നത്. എന്നാലിത് അഞ്ചു വർഷം കൊണ്ടായിരുന്നു.
രാജിവയ്ക്കുന്നവർക്ക് എട്ടു മാസത്തെ ശന്പളവും ആനുകൂല്യങ്ങളും ലഭിക്കും. ഈ രാജി പദ്ധതിയിൽ 14.8 ബില്യണ് ഡോളറിന്റെ ചെലവ് വരും. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ സ്വയം വിരമിക്കലിലൂടെ സർക്കാരിന് പ്രതിവർഷം 28 ബില്യണ് ലാഭിക്കാമെന്നാണ് ഭരണകൂട ഉദ്യോഗസ്ഥർ പറയുന്നത്.
ആർമി, പോസ്റ്റൽ ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് നിർബന്ധിത സ്വയംവിരമിക്കലില്ല. 2024ന്റെ അവസാനം യുഎസ് ഫെഡറൽ ജീവനക്കാരുടെ എണ്ണം 23 ലക്ഷമായിരുന്നു. സെപ്റ്റംബർ അവസാനത്തോടെ 21 ലക്ഷമായി കുറയുമെന്നാണ് നിഗമനം. ഈ വർഷം അവസാനത്തോടെ മൊത്തം ജീവനക്കാരുടെ 12 ശതമാനത്തിന് തൊഴിൽ നഷ്ടമാകുമെന്നാണ് കണക്ക്.
സർക്കാർ ചെലവുകൾക്കുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബിൽ പാസാക്കാൻ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ തയാറാകാത്തത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഡെമോക്രാറ്റ് നേതാക്കളുമായി ട്രംപ് ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തും. ചർച്ചാ പരാജയം കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിക്കുമെന്ന് ട്രംപ് നേരത്തേതന്നെ ഭീഷണി മുഴക്കിയിരുന്നു.
പലരെയും നിർബന്ധിച്ച് വിരമിക്കൽ പദ്ധതിയിൽ ചേർക്കുകയുമായിരുന്നു. പണിപോകുന്ന പലരും അതു രഹസ്യമായി വയ്ക്കാൻ താത്പര്യപ്പെടുകയാണെന്നാണ് റിപ്പോർട്ടുകൾ. പുതിയ ജോലി തേടുന്നതിന് ഈ ‘രഹസ്യാത്മകത’ സഹായിക്കുമെന്ന് അവർ കരുതുന്നു. ഫെഡറൽ സർവീസിൽ തന്നെ വൈകാതെ തിരിച്ചുകയറാനാകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.
അതേസമയം, ദുർബലമായ അമേരിക്കൻ സന്പദ്വ്യവസ്ഥയിലേക്ക് ഇത്രയും പേർകൂടി വരുന്നത് തൊഴിൽ മേഖലയിൽ സമ്മർദം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഈ വർഷം ഓഗസ്റ്റിൽ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനത്തിലേക്ക് എത്തിയിരുന്നു.
2021ന് ശേഷമുള്ള ഉയർന്ന നിരക്കാണിത്. ഇറക്കുമതിക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തുന്നത് അമേരിക്കക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാൽ 22,000 പുതിയ തൊഴിലവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കാനായത്.