ലോക ഹൃദയദിനം: ഹൃദയമിടിപ്പായി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ; 50 പേർക്കു പേസ്മേക്കർ
Monday, September 29, 2025 11:43 PM IST
തൃശൂർ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിർധനരായ ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ.
63 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയിലൂടെ അന്പതോളം പേസ്മേക്കറാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ വിതരണം ചെയ്യുക. പദ്ധതിയുടെ ആദ്യഘട്ടമായി തൃശൂർ ഗവ. മെഡിക്കൽ കോളജിൽനിന്നു തെരഞ്ഞെടുത്ത 20 നിർധന രോഗികൾക്കു പേസ്മേക്കർ സൗജന്യമായി നൽകി.
ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ചലച്ചിത്രസംവിധായകൻ സത്യൻ അന്തിക്കാട്, ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി ജോസ്, മെഡിക്കൽ കോളജിലെ കാർഡിയോളജിസ്റ്റ് ഡോ. കരുണാദാസ്, ഐഎംഎ തൃശൂർ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, ടിഎംഎ പ്രസിഡന്റ് പദ്മകുമാർ, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തിലെ നിർധനരായ ആളുകളുടെ ജീവിതത്തിൽ അർഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സ്ഥാപിച്ചതെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
സാമ്പത്തികപരാധീനതകൾമൂലം ഒരു മനുഷ്യജീവനും നഷ്ടമാകരുതെന്ന കാഴ്ചപ്പാടാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷനെ ഇത്തരമൊരു ഉദ്യമത്തിനു പ്രേരിപ്പിച്ചത്. കേവലമൊരു ജീവകാരുണ്യപ്രവർത്തനം എന്നതിലുപരി സമൂഹത്തോടുള്ള ഫൗണ്ടേഷന്റെ പ്രതിബദ്ധതയാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2009ൽ ആരംഭിച്ച ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നിരവധി സന്നദ്ധസേവന പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.