സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 86,120 രൂപ
Tuesday, September 30, 2025 11:42 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ റിക്കാര്‍ഡിലേക്കു കുതിച്ചുകയറിയ സ്വര്‍ണവില ഉച്ചയ്ക്കുശേഷം തിരിച്ചിറങ്ങി.
ഇന്നലെ രാവിലെ ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,845 രൂപയും പവന് 86,760 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 8,925 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിനു ഗ്രാമിന് 6,935 രൂപയും 9 കാരറ്റ് ഗ്രാമിന് 4,470 രൂപയുമായിട്ടാണു വില്പന നടന്നത്.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3865 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.71മായിരുന്നു. വെള്ളി വിലയിലും കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.
ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണു കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 10,765 രൂപയും പവന് 86,120 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 8,855 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,900 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,445 രൂപയുമാണ് വിപണി വില. ട്രോയ് ഔണ്‍സിന് 3865 ഡോളര്‍ വരെ പോയ അന്താരാഷ്ട്ര സ്വര്‍ണവില 3800 ഡോളറിലേക്കാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. രൂപയുടെ വിനിമയ നിരക്ക് 88.77ല്‍ തുടരുന്നു.
ഓണ്‍ലൈന്‍ നിക്ഷേപകര്‍ ലാഭം എടുത്തതാണു വില കുറയാനുണ്ടായ ഒരു കാരണം. ഗാസായുദ്ധം അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത് മറ്റൊരു കാരണമാണ്.
അതിനിടെ, സ്വര്‍ണവിലയിലെ കുതിച്ചുചാട്ടം സാധാരണക്കാരുടെ വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. പഴയ സ്വര്‍ണത്തിന്റെ വില്പന കൂടിയതായി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.