നഷ്ടക്കണക്ക് തുടരുന്നു
Tuesday, September 30, 2025 11:42 PM IST
മുംബൈ: ഇന്ത്യൻ ഓഹരിവിപണി സൂചികളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെയും നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ എട്ടാം സെഷനിലാണ് സൂചികകൾ നഷ്ടത്തിലാകുന്നത്.
സെൻസെക്സ് 97.32 പോയിന്റ് (0.12%) ഇടിഞ്ഞ് 80,267.62ലും നിഫ്റ്റി 23.80 പോയിന്റ് (0.10%) നഷ്ടത്തിൽ 24,611.10ൽ വ്യാപാരം പൂർത്തിയാക്കി. ബിഎസ്ഇ മിഡ്കാപും സ്മോൾകാപും ഫ്ളാറ്റായി നിലകൊണ്ടു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നു പ്രഖ്യാപിക്കുന്ന പണനയത്തെ ഉറ്റുനോക്കുകയാണ് നിക്ഷേപകർ.
കഴിഞ്ഞ എട്ടു സെഷനുകളിലായി സെൻസെക്സ് 3.31 ശതമാനവും നിഫ്റ്റി 3.20 ശതമാനവും ഇടിഞ്ഞു.
വിശാല മാർക്കറ്റിൽ നിഫ്റ്റി മിഡ്കാപ് 0.01 ശതമാനം താഴ്ന്നപ്പോൾ സ്മോൾകാപ് 0.08 ശതമാനത്തിന്റെ ചെറിയൊരു നേട്ടമുണ്ടാക്കി. മേഖലാ സൂചികകളിൽ ഏഴെണ്ണം നേട്ടമുണ്ടാക്കിയപ്പോൾ 10 സൂചികകൾക്ക് നഷ്ടമുണ്ടായി.
നിഫ്റ്റി മീഡിയ (1.23%) സൂചികയാണ് ഏറ്റവും കൂടുതൽ താഴ്ന്നത്. കണ്സ്യൂമർ ഡ്യൂറബിൾസും റിയൽറ്റിയും യഥാക്രമം 0.87 ശതമാനവും 0.82 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ഐടിയുടെ താഴ്ച്ച 0.11 ശതമാനത്തിലായിരുന്നു. നേട്ടമുണ്ടാക്കിയവയിൽ നിഫ്റ്റി പിഎസ് യു ബാങ്കാണ് മുൻപന്തിയിൽ. 1.84 ശതമാനമാണ് ഉയർന്നത്. നിഫ്റ്റി മെറ്റൽ, ഓട്ടോ സൂചികകൾ 1.16 ശതമാനവും 0.40 ശതമാനവും മുന്നേറി.
ഈ മാസം നിഫ്റ്റി 0.75 ശതമാനം നേരിയ നേട്ടത്തോടെയും സെൻസെക്സ് 0.57 ശതമാനം നേട്ടത്തോടെയും ക്ലോസ് ചെയ്തു. രണ്ടും അവരുടെ രണ്ട് മാസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമമിട്ടു.
പുതിയ പോസിറ്റീവ് സൂചനകളുടെ അഭാവം, വർധിച്ചുവരുന്ന വ്യാപാര പിരിമുറുക്കങ്ങൾ, തെരഞ്ഞെടുത്ത മേഖലകളിലെ തുടർച്ചയായ വിൽപ്പന, വിദേശ നിക്ഷേപകരുടെ തുടരുന്ന പി·ാറ്റം എന്നിവയാണ് ഓഹരിവിപണിയെ ബാധിക്കുന്നത്.
കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും മോശം ഇടിവിന് രണ്ട് ബെഞ്ച്മാർക്കുകളും സാക്ഷ്യം വഹിച്ചു. കഴിഞ്ഞ എട്ടു സെഷനുകളിലായി ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ ഇടിവിന് പ്രധാന കാരണം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനങ്ങളാണ്. എച്ച്-1ബി വീസ ഫീസ് വർധനവിനു പിന്നാലെ ഒൗഷധ ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്തലും വിപണിയെ സ്വാധീനിച്ചു.
രൂപയുടെ ഇടിവ് നാലു പൈസ
സ്ഥിരമായ വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനും ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾക്കുമിടയിൽ ഡോളറിനെതിരേയുള്ള വിനിമയത്തിൽ രൂപ നാലു പൈസ ഇടിഞ്ഞ് 88.79 എന്ന മൂല്യത്തിലെത്തി.
ക്രൂഡ്ഓയിൽ വില കുത്തനെ കുറഞ്ഞതിനൊപ്പം ഡോളറിന്റെ ശക്തികുറഞ്ഞതുമാണ് രൂപയെ കനത്ത ഇടിവിൽ നിന്നു രക്ഷിച്ചത്. തിങ്കളാഴ്ച രൂപ മൂന്നു പൈസ നഷ്ടത്തിൽ 88.75ലാണ് ക്ലോസ് ചെയ്തത്.