പെരിയ ഇരട്ടക്കൊലപാതകം ; ഒന്നാം പ്രതിക്ക് പരോള്‍
Wednesday, October 1, 2025 1:38 AM IST
കാസര്‍ഗോഡ്: പെരിയ കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ ഒന്നാംപ്രതിയായ സിപിഎം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന് ഒരു മാസത്തേക്കു പരോള്‍.
ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരോള്‍. പെരിയയ്ക്കു സമീപം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയിലുള്ള രാവണീശ്വരത്തായിരിക്കും ഒരുമാസക്കാലം പീതാംബരന് താമസിക്കുക.
രണ്ടാം പ്രതി സജി സി. ജോര്‍ജ്, ഏഴാം പ്രതി എ. അശ്വിന് എന്നിവര്‍ക്കു കഴിഞ്ഞദിവസം പരോള്‍ അനുവദിച്ചിരുന്നു. അഞ്ചാം പ്രതി ഗിജിന്‍ ഗംഗാധരനും പതിനഞ്ചാം പ്രതി എ. സുരേന്ദ്രനും (വിഷ്ണു സുര) പരോളിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരുടെ പരോളും അടുത്തദിവസങ്ങളില്‍ അനുവദിച്ചേക്കും. പ്രതികള്‍ക്കു കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്റെ പരോള്‍ അപേക്ഷയില്‍ ബേക്കല്‍ പോലീസിന്റേയും കൊല്ലപ്പെട്ട ശരത്ലാല്, കൃപേഷ് എന്നിവരുടെ രക്ഷിതാക്കളുടെയും അഭിപ്രായം രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. പരോള്‍ അനുവദിക്കരുതെന്നാണു രക്ഷിതാക്കള്‍ അറിയിച്ചത്.
ക്രമസമാധാന പ്രശ്നം കാരണം പരോള്‍ അനുവദിക്കരുതെന്ന് ബേക്കല്‍ പോലീസും റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിവരം. ഇതിനെ മറികടന്നാണ് ആഭ്യന്തരവകുപ്പ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
ഒന്നാംപ്രതി പീതാംബരന് 2022ല്‍ ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ നല്‍കിയത് വിവാദമായിരുന്നു. 2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.