ആർഎസ്എസ് ശതാബ്ദി: പ്രധാനമന്ത്രി മുഖ്യാതിഥി
Wednesday, October 1, 2025 1:38 AM IST
ന്യൂഡൽഹി: ഇന്ന് നടക്കുന്ന ആർഎസ്എസിന്റെ ശതാബ്ദി ദിന ആഘോഷ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥിയായി പങ്കെടുക്കും.
ഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ആർഎസ്എസിന്റെ സംഭാവനകൾ പ്രതിഫലിപ്പിക്കുന്നതിന് പ്രത്യേകം രൂപകൽപന ചെയ്ത തപാൽ സ്റ്റാന്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കും.
തുടർന്ന് വിശിഷ്ട വ്യക്തികൾ, സന്നദ്ധപ്രവർത്തകർ, ആർഎസ്എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്ന പൊതുപരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ബിജെപിയും ആർഎസ്എസും തമ്മിൽ പ്രകടമായ ഭിന്നതയുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ അവകാശപ്പെടുന്ന സമയത്താണ് ഇത്തരമൊരു ചടങ്ങിൽ പ്രധാനമന്ത്രി ഭാഗമാകുന്നത്.
കഴിഞ്ഞ ദിവസം പ്രതിമാസ റേഡിയോ പരിപാടിയായ ’മൻ കി ബാത്തിൽ’ ആർഎസ്എസിനെ മോദി പ്രശംസിച്ചിരുന്നു. ഇന്ത്യയുടെ സാംസ്കാരികത വളർത്തുന്നതിനും തന്റെ രാഷ്ട്രീയ ജീവിതത്തിൽ അടിത്തറ പാകുന്നതിനും ആർഎസ്എസ് വഹിച്ച പങ്ക് വലുതാണെന്നാണ് മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞത്.