യുപിഎസ്സി ശതാബ്ദി നിറവിൽ
Wednesday, October 1, 2025 1:38 AM IST
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) നൂറാം വാർഷികത്തിലേക്ക്. ഇന്ത്യൻ ജനാധിപത്യത്തിൽ നീതിയുടെയും അവസരത്തിന്റെയും ദീപസ്തംഭമായി നിലനിൽക്കാൻ യുപിഎസ്സി നിരന്തരം പരിശ്രമിക്കുന്നുവെന്ന് ചെയർമാൻ ഡോ. അജയ് കുമാർ പറഞ്ഞു.
കേന്ദ്ര സിവിൽ സർവീസസിലെ ഉദ്യോഗസ്ഥരെ നിയമിക്കൽ, സ്ഥാനക്കയറ്റം നൽകൽ, അച്ചടക്ക പാലന നടപടികൾ സൃഷ്ടിക്കൽ എന്നിവയിൽ യുപിഎസ്സിക്ക് നിർണായക അധികാരമാണ് നൽകിയത്. അതിനാൽ, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുള്ള യുപിഎസ്സിയുടെ പരിണാമഗാഥ കേവലം സ്ഥാപനപരമായ ചരിത്രരേഖ മാത്രമല്ല, നീതി, വിശ്വാസം, സമഗ്രത എന്നിവയിലുള്ള ഇന്ത്യയുടെ ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ്.
ആദ്യകാലങ്ങളിൽ ഏതാനും ചില പരീക്ഷകൾ നടത്തിയ ഇടത്തുനിന്നു തുടങ്ങി യുപിഎസ്സി ഇന്ന് അഭിമാനകരമായ സിവിൽ സർവീസസ് പരീക്ഷ മുതൽ എൻജിനീയറിംഗ്, ഫോറസ്റ്റ്, മെഡിക്കൽ, സ്റ്റാറ്റിസ്റ്റിക്കൽ, മറ്റ് സേവനങ്ങൾ തുടങ്ങിയ പ്രത്യേക സേവന മേഖലകൾ വരെയുള്ള വിശാലവും വൈവിധ്യപൂർണവുമായ നിയമന നടപടികൾ കൈകാര്യം ചെയ്യുന്നു.
ദശാബ്ദങ്ങളായി, ദശലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ കമ്മീഷനിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്. വിജയവും പരാജയവും അവരുടെ കഴിവിനെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് അവർക്ക് വിശ്വാസമുണ്ട്. ഈ വിശ്വാസം കേവലം യാദൃച്ഛികമല്ല. നടപടിക്രമങ്ങളിലെ സുതാര്യത, മൂല്യനിർണയത്തിലെ നിഷ്പക്ഷത, ദുരുപയോഗത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എന്നിവയിലൂടെയാണ് ഇത് കെട്ടിപ്പടുത്തതെന്നും ചെയർമാൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലുതും സങ്കീർണ്ണവുമായ മത്സര പരീക്ഷയായ സിവിൽ സർവീസ് പരീക്ഷ, വർഷം തോറും വളരെ കൃത്യതയോടും സ്ഥിരതയോടും കൂടി നടത്തുന്നതിൽ യുപിഎസ്സി ഏറെ അഭിമാനിക്കുന്നു.
യുപിഎസ്സിയുടെ ശതാബ്ദം ആഘോഷിക്കുമ്പോൾ, അതിന്റെ ശ്രദ്ധേയമായ വിജയത്തിന് പിന്നിലുള്ളവർ രാജ്യത്തെ ഏറ്റവും മികച്ച അക്കാദമിക് പ്രതിഭകളും വിദഗ്ധരുമാണ്. ഓരോരുത്തരും അവരവരുടെ വിഷയത്തിൽ അഗ്രഗണ്യരാണ്. എന്നാൽ അവർ അംഗീകാരമോ ജനശ്രദ്ധയോ ആഗ്രഹിക്കാതെ സമർപ്പണത്തോടെ നിശബ്ദ സേവനം ചെയ്യുന്നു.
അവരുടെ സൂക്ഷ്മമായ പ്രവർത്തനം, നിഷ്പക്ഷമായ വിധിനിർണ്ണയം, മികവിനോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത എന്നിവയാണ് യുപിഎസ്സിക്ക് നീതിയുക്തവും സുതാര്യവും ശക്തവുമായ രീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താനുള്ള കഴിവിന്റെ അടിസ്ഥാനമാകുന്നത്. ഈ സ്ഥാപനം രാജ്യത്തിന്റെ വിശ്വാസം നേടിയതും കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചതും ഈ കരുത്തിലൂടെയാണെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.