ലഡാക്ക് സംഘർഷം; ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
Wednesday, October 1, 2025 1:38 AM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ജനങ്ങളെ ‘വഞ്ചിച്ചു’വെന്ന് കോണ്‍ഗ്രസ്. ലഡാക്കില്‍ പോലീസ് വെടിവയ്പില്‍ നാലു പേര് മരിച്ചതില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളായ, കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന് ത്സെവാങ് താര്‍ച്ചിന്റെ പിതാവിന്റെ വീഡിയോ പങ്കുവച്ചാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടത്.
അച്ഛനും മകനും സൈനികര്‍. രാജ്യസ്നേഹം അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. എന്നിട്ടും ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ ഈ ധീരനായ മകനെ വെടിവച്ച് കൊന്നു. സംഭവത്തില്‍ നിഷ്പക്ഷ ജുഡീഷല്‍ അന്വേഷണം വേണമെന്നും കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ലഡാക്കിന്റെ ദുഃഖം രാജ്യം മുഴുവന്റേതു മാണെന്ന് ഖാര്‍ഗെ പറഞ്ഞു.