മുംബൈ ഭീകരാക്രമണം; പ്രതികാരനടപടി ഉപേക്ഷിച്ചത് ആഗോള സമ്മർദത്തെത്തുടർന്ന്: ചിദംബരം
Wednesday, October 1, 2025 1:38 AM IST
ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ എന്തുകൊണ്ട് പാക്കിസ്ഥാനെ ആക്രമിച്ചില്ലെന്നതു വെളിപ്പെടുത്തി മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവുമായ പി. ചിദംബരം.
യുദ്ധം ആരംഭിക്കരുതെന്ന് ആവശ്യപ്പെടാൻ മുഴുവൻ ലോകവും ഇന്ത്യയിലേക്കെത്തി എന്നാണ് ചിദംബരം ഒരു ടിവി ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഭീകരാക്രമണത്തിനു ശേഷം താൻ ആഭ്യന്തരമന്ത്രിയുടെ ചുമതലയേറ്റെടുത്തു രണ്ടോ മൂന്നോ ദിവസങ്ങൾക്കു ശേഷം അന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ് എന്നെയും പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും വന്നുകണ്ടുവെന്നും ദയവായി തിരിച്ചടിക്കരുതെന്ന് അഭ്യർഥിച്ചുവെന്നും ചിദംബരം വ്യക്തമാക്കി.
എന്നാൽ ഈ തീരുമാനം സർക്കാരാണ് എടുക്കേണ്ടതെന്ന് ഞാൻ മറുപടി നൽകി. ഒരു ഔദ്യോഗിക രഹസ്യവും വെളിപ്പെടുത്താതെ പറയുകയാണെങ്കിൽ നമ്മൾ എന്തെങ്കിലും തിരിച്ചടി നൽകണമെന്ന് എന്റെ മനസിലുദിച്ചുവെന്നും ചിദംബരം വെളിപ്പെടുത്തി.
ആക്രമണം നടന്നുകൊണ്ടിരിക്കുന്പോൾ പോലും പ്രധാനമന്ത്രി ഇത് ചർച്ച ചെയ്തിരുന്നു. എന്നാൽ വിദേശകാര്യമന്ത്രാലയത്തിന്റെയും ഇന്ത്യൻ ഫോറിൻ സർവീസിന്റെയും വലിയ സ്വാധീനത്താൽ ഭൗതികമായി പ്രതികരിക്കരുതെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നതെന്ന് ചിദംബരം വ്യക്തമാക്കി.