ടിവികെ നേതാവിന്റെ പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു
Wednesday, October 1, 2025 1:38 AM IST
ചെന്നൈ: മുതിർന്ന ടിവികെ നേതാവ് ആധവ് അർജുന എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതോടെ പിൻവലിച്ചു. തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെതിരേ നേപ്പാളിൽ ഉണ്ടായതുപോലെയുള്ള ജെൻസി പ്രക്ഷോഭം വേണമെന്നായിരുന്നു ആധവിന്റെ പോസ്റ്റിലെ ആവശ്യം.
ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുകയും രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന പോസ്റ്റ് പിൻവലിപ്പിക്കുകയും ചെയ്ത തമിഴ് ജനതയ്ക്ക് നന്ദിയർപ്പിക്കുന്നതായി ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാജ പറഞ്ഞു.
രാഷ്ട്രീയത്തെക്കുറിച്ച് ധാരണയില്ലാത്ത ആധവിനെ എന്തുകൊണ്ടാണ് പാർട്ടിയിൽനിന്ന് വിജയ് നീക്കം ചെയ്യാത്തതെന്നും രാജ ആരാഞ്ഞു. എന്നാൽ, കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയോർത്ത് താൻ വേദനിച്ചിരിക്കുകയാണെന്നും കൂടുതൽ സംസാരിക്കാനുള്ള അവസരമല്ലിതെന്നും ആധവ് അർജുന പ്രതികരിച്ചു.